തിരുവനന്തപുരം: അന്‍പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം തിരുവനന്തപുരത്ത് നടന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജേതാക്കള്‍ക്ക് മുഖ്യമന്ത്രി ഇത്തവണ നേരിട്ട് പുരസ്‌കാരം നല്‍കിയില്ല. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുരസ്‌കാരങ്ങള്‍ താന്‍ നേരിട്ട് നല്‍കുന്നത് നല്ലതല്ലെന്നും മേശപ്പുറത്ത് വയ്ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങില്‍ മാറ്റം വരുത്തിയത്.
ജനസ്വാധീനമുള്ള കലാരൂപത്തെ സാമൂഹ്യനീതിക്കായി വിനിയോഗിച്ച കലാകാരന്മാരെ ആദരിക്കുന്നതാണ് ഓരോ അവാര്‍ഡുകളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ പറഞ്ഞു. പുരസ്‌കാരങ്ങള്‍ ചലച്ചിത്രകാരന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ അടുത്ത വര്‍ഷം മുതല്‍ ടെലിവിഷന്‍ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കുമെന്ന് എ കെ ബാലന്‍ പറഞ്ഞു.
ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന് വേണ്ടി ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ഏറ്റുവാങ്ങി. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, സ്വഭാവ നടി സ്വാസിക വിജയ്, മികച്ച ചിത്രമായ വാസന്തിയുടെ സംവിധായകര്‍ ഷിനോസ് റഹ്മാന്‍, സജസ് റഹ്മാന്‍, പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്നബെന്‍, പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ഐ എഫ് എഫ് കെയുടെ പേരിലുള്ള തപാല്‍ സ്റ്റാമ്പ് കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി പ്രകാശനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, കെ ടി ഡി സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ജൂറി ചെയര്‍മാന്‍ മധു അമ്പാട്ട്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് എന്നിവര്‍ പങ്കെടുത്തു.











































