പ്രായത്തെ തോല്‍പ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിയുന്നതെങ്ങനെ? ആ രഹസ്യം അറിയുന്ന ഒരേയൊരാള്‍

മലയാളകള്‍ക്കു മുന്നില്‍ പുരുഷ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മമ്മൂട്ടി. എന്നാല്‍ അതിന് പിന്നില്‍ മെഗാതാരം വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ചിട്ടവട്ടങ്ങളും ത്യാഗവുമുണ്ടെന്ന് അറിയുന്ന ഒരാള്‍ മാത്രേമേയുള്ളൂ. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ വിബിന്‍ സേവ്യറിന് മാത്രം.

മമ്മൂട്ടിയുടെ വര്‍ക്കൗട്ട് കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകുമെന്നും, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടാത്തതുകൊണ്ടുമാത്രം ആരും അത് അറിയുന്നില്ലെന്ന് വിബിന്‍ പറയുന്നു.

വിബിന്‍ സേവ്യറിന്റെ വാക്കുകള്‍-

‘2007ല്‍ രണ്ടു ചെറുപ്പക്കാര്‍ വന്ന് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിറ്റ്‌നസ് സെന്ററിനെക്കുറിച്ച് അന്വേഷിച്ചു. അതിലൊരാളുടെ അച്ഛനു വേണ്ടിയാണെന്ന് പറയുകയും ചെയ്തു. അവര്‍ എഴുതിതന്ന ഫോം കംപ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് പേര് മുഹമ്മദ് കുട്ടിയെന്നും, ആക്ടര്‍എന്നുമൊക്കെ കണ്ടത്. വന്ന രണ്ടുപേരില്‍ ഒരാള്‍ ദുല്‍ഖര്‍ ആയിരുന്നു എന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് മമ്മൂക്ക ഫിറ്റ്‌നസ് ക്‌ളബില്‍ വന്നു.

ആദ്യകാലത്ത് മമ്മൂക്ക പല ട്രെയിനിംഗ് ഉപകരണങ്ങളും പറഞ്ഞ് ഉണ്ടാക്കിപ്പിക്കുകയായിരുന്നു. എവിടെ പോകുമ്പോഴും ട്രാവല്‍ ബാഗില്‍ ചെറിയ ഡംബല്‍സ് കാണും. റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക അത് ചെയ്തത്. ഞായറാഴ്ച പലരും വര്‍ക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. ഞായറാഴ്ചയായാലും വിശേഷദിവസമായാലും മമ്മൂക്ക വര്‍ക്കൗട്ട് മുടക്കില്ല.

രാവിലെ ഷൂട്ടിംഗ് ഉണ്ടെങ്കില്‍ 6.30ന് വര്‍ക്കൗട്ട് തുടങ്ങും. ഇല്ലെങ്കില്‍ 7.30ന്. ഒരു മണിക്കൂര്‍ നീളുന്ന എന്റെ സെഷന്‍ കഴിഞ്ഞാല്‍ പിന്നെ, 45 മിനുട്ട് കാര്‍ഡിയോ ചെയ്യും. ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ട്രെയിനിംഗ് ആയിരുന്നു. നോമ്പ് സമയത്ത് പോലും വര്‍ക്കൗട്ട് മുടക്കില്ല. നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വര്‍ക്കൗട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂ.

രുചികരമായ ഭക്ഷണങ്ങള്‍ ഇഷ്ടമാണ് മമ്മൂക്കയ്ക്ക്. പക്ഷേ, ഡയറ്റ് കൃത്യമായി പാലിക്കാന്‍ മമ്മൂക്കയെ കഴിഞ്ഞേ ആളുള്ളൂ. ഇഷ്ടഭക്ഷണം ആരെങ്കിലും കൊടുത്താല്‍ അതില്‍നിന്ന് അല്‍പം കഴിക്കും’.