കോവിഡിനെതിരെ അംഗീകരിച്ച നാല് വാക്സിനുകളും ഫലപ്രദം: ഡോ. ഗഗന്‍ദീപ് കാങ്

തിരുവനന്തപുരം: കോവിഡ് 19 നെതിരായുള്ള ഉപയോഗത്തിനായി അംഗീകരിച്ച നാല് വാക്സിനുകളും 50 ശതമാനമോ അതില്‍ കൂടുതലോ ഫലപ്രാപ്തമാണെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ സയന്‍സസ് ഡിവിഷന്‍, വെല്‍ക്കം ട്രസ്റ്റ് റിസര്‍ച്ച് ലബോറട്ടറി പ്രൊഫസര്‍ ഡോ. ഗഗന്‍ദീപ് കാങ് അഭിപ്രായപ്പെട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ സമ്മേളനത്തില്‍ ‘മഹാമാരിയും തയ്യാറെടുപ്പുകളും’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമായി നിലവില്‍ 60ലധികം കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ വികസന ഘട്ടത്തിലാണ്. ഇതിനു പുറമേ പ്രീ ക്ലിനിക്കല്‍ വികസന ഘട്ടത്തില്‍ 200 ലധികവുമുണ്ട്. കുറഞ്ഞത് ആറ് ബില്യണ്‍ ഡോസുകള്‍ ലഭ്യമായിരിക്കണമെന്നാണ് കണക്കു കൂട്ടുന്നത്. ഇത് ഈ വര്‍ഷത്തില്‍ തന്നെ ലഭ്യമാക്കാനായേക്കും. ഇന്ത്യയിലും നിരവധി കോവിഡ് വാക്സിനുകള്‍ വികസന ഘട്ടത്തിലാണെന്നും ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലൂടെ ഒരു പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ പ്രതികരിക്കുന്നതിനേക്കാള്‍ എങ്ങനെ സജീവമായിരിക്കണമെന്ന് കേരളം മറ്റ് സംസ്ഥാനങ്ങളെ പഠിപ്പിച്ചുവെന്ന് സിഎംസി വെല്ലൂരിലെ വൈറോളജിസ്റ്റും പ്രൊഫസര്‍ എമെറിറ്റസുമായ ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ നേതൃത്വപരമായ പങ്ക് തുടരാന്‍ സംസ്ഥാനത്തിന് കഴിയുമെങ്കിലും ഒരു ആരോഗ്യ നിരീക്ഷണ ഏജന്‍സി രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും അത് ആരോഗ്യ നിരീക്ഷണത്തില്‍ ജാഗ്രതയോടെ ഇടപെടുന്നതിന് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു മഹാമാരിയെ നേരിടേണ്ടി വരുമ്പോള്‍ ഉചിതമായ ഏകോപനം വളരെ പ്രധാനപ്പെട്ടതാണെന്ന് ലോകബാങ്ക് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഡേവിഡ് വില്‍സണ്‍ പറഞ്ഞു. രോഗഭീതി ഇല്ലാത്തപ്പോള്‍ പോലും രോഗങ്ങളെ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ സ്വീകരിക്കുന്നതില്‍ യാതൊരു മടിയുമുണ്ടാകരുതെന്നും കോവിഡി് അനുയോജ്യമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കേണ്ടതു പ്രധാനമാണെന്നും ഐസിഎംആര്‍ എപ്പിഡെമിയോളജി (റിട്ട.) മേധാവി ഡോ. രമണ്‍ ഗംഗാ ഖേഡ്കര്‍ പറഞ്ഞു.

പകര്‍ച്ചവ്യാധി നേരിടുന്നതില്‍ തുടക്കം മുതല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്ന തന്ത്രമാണ് ഭരണകൂടം പിന്തുടരുന്നതെന്ന് ‘കോവിഡിനോടുള്ള കേരളത്തിന്‍റെ പ്രതികരണം’ എന്ന വിഷയത്തില്‍ സംസാരിച്ച ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ ഐഎഎസ് പറഞ്ഞു. സജീവമായ പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. എല്ലാ ജില്ലകളിലും പ്രദേശാടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍, സൂക്ഷ്മ നിരീക്ഷണം, ജീനോം പഠനം എന്നിവ നടത്തി. ജീനോം പഠന ഫലങ്ങള്‍ മാര്‍ച്ചില്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സംരക്ഷണ ഫലങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാൻമാരാക്കിയതാണ് കോവിഡ് 19 ഉണ്ടാക്കിയ നല്ല മാറ്റങ്ങളില്‍ ഒന്നെന്ന് ‘ക്രൈസിസ് ലീഡര്‍ഷിപ്പ് ആന്‍ഡ് വര്‍ക്ക്ഫോഴ്സ് റീസൈലന്‍സ്’ എന്ന വിഷയത്തില്‍ സംസാരിച്ച യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റല്‍ ട്രോമാ സര്‍ജനും എച്ച്പിബി കണ്‍സള്‍ട്ടന്‍റുമായ ഡോ. അജിത് അബ്രഹാം പറഞ്ഞു. ആരോഗ്യ പരിപാലനത്തില്‍ കാലാനുസൃതമായ മാറ്റങ്ങളും ആരോഗ്യ ഡാറ്റാ ശേഖരണത്തില്‍ ഡിജിറ്റലൈസേഷന്‍റെ ആവശ്യകതയും കോവിഡ് ഓര്‍മ്മിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 ആരോഗ്യമേഖലയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും വിനാശകരമാണെന്ന് കോവിഡ് മഹാമാരി -ജില്ലാ തല ഉത്തരവാദിത്തങ്ങള്‍ എന്ന സെഷനില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ദേശീയ ആരോഗ്യ മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജോത് ഖോസ ഐഎഎസ്, എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഐഎഎസ്, വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീന അബ്ദുള്ള ഐ.എ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സെഷനില്‍ സംസാരിച്ചു.

ഫെബ്രുവരി 17ന് ആരംഭിച്ച അഞ്ച് ദിവസങ്ങളിലായുള്ള വെബിനാര്‍ സീരീസില്‍ കോവിഡ് 19 വെല്ലുവിളികള്‍ക്കിടയില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കാനുള്ള സാധ്യതകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്. അടുത്ത മൂന്ന് സെഷനുകള്‍ ഫെബ്രുവരി 24, 25, മാര്‍ച്ച് 4 തീയതികളില്‍ വൈകുന്നേരം അഞ്ചു മുതല്‍ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ www.keralahealthconference.in സന്ദര്‍ശിക്കുക.