യുവമോര്‍ച്ച വനിതാ നേതാവ് കൊക്കെയ്‌നുമായി പിടിയില്‍

    കൊൽക്കത്ത: ബംഗാളിലെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. ഇവരുടെ ഹാൻഡ്ബാഗിൽ നിന്ന് 100 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

    സുഹൃത്തായ പ്രബിർ കുമാറിനൊപ്പം ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നതിനായി പമീല കാറിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. എട്ടുവാഹനങ്ങളിലായെത്തിയ പോലീസ് പമീലയുടെ കാർ വളയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പമീല ഏതെങ്കിലും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

    സംഭവത്തിൽ പോലീസിന്റെ റോൾ സംബന്ധിച്ച് തങ്ങൾക്ക് സംശയമുണ്ടെന്ന് പറഞ്ഞ ബിജെപി പമീല കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അഭിപ്രായപ്പെട്ടു. ‘നിരവധി ബിജെപി പ്രവർത്തകെര പോലീസ് ആയുധക്കടത്ത് കേസിൽ അകപ്പെടുത്തിയത് ഞങ്ങൾ നേരത്തേ കണ്ടിട്ടുളളതാണ്. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് എനിക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പറയാനാകില്ല. പമീല ചെറുപ്പമാണ്. അവൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകും.’ ബിജെപി എം.പി ലോക്കറ്റ് ചാറ്റർജി പറഞ്ഞു.

    പോലീസ് സംസ്ഥാന സർക്കാരിന് കീഴിലുളളതാണെന്നും അതിനാൽ എന്തും സംഭവ്യമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യയുടെ പ്രതികരണം. പോലീസ് കണ്ടെടുത്ത പാക്കറ്റുകൾ പമീലയുടെ വാഹനത്തിലോ, ബാഗിലോ നിക്ഷേപിച്ചതാണോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    സംഭവത്തിൽ ബിജെപിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രിമ ഭട്ടാചാര്യ രംഗത്തെത്തി. പാർട്ടിയിലെ സ്ത്രീകൾ പോലും ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നു എന്നുളളത് നാണക്കേടാണ് എന്നായിരുന്നു അവരുടെ പ്രതികരണം. ‘നേരത്തേ കുറേ ബിജെപി നേതാക്കൾക്ക് കുട്ടിക്കടത്തിൽ പങ്കുളളതായി കണ്ടെത്തിയിരുന്നു. ഇപ്പോൾ മയക്കുമരുന്ന് കടത്ത്. എല്ലായ്പ്പോഴും ഇത് ഗൂഢാലോചനയാണെന്ന് ആരോപിക്കാൻ ബിജെപിക്ക് സാധിക്കില്ല.’