വിവാഹമോചനം നേടാതെ നാല് വിവാഹങ്ങള്‍; ആദ്യഭാര്യയുടെ പരാതിയില്‍ 45കാരനായ അധ്യാപകന്‍ അറസ്റ്റില്‍

കട്ടക്: ആദ്യ ഭാര്യമാരില്‍ നിന്നും വിവാഹമോചനം നേടാതെ പലതവണ വിവാഹിതനായ അധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്കില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ നാല്‍പ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ പത്തൊമ്പത് വര്‍ഷങ്ങള്‍ക്കിടെ നാല് പേരെയാണ് ഇയാള്‍ വിവാഹം ചെയ്തത്. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗണ്‍ കാലയളവിലായിരുന്നു ഇയാളുടെ ഒടുവിലത്തെ വിവാഹം. ആ ഒന്‍പത് മാസത്തിനിടെ രണ്ട് തവണയാണ് ഇയാള്‍ വിവാഹിതനായത്.

ഭര്‍ത്താവിന്റെ വിവാഹപരമ്പരയെക്കുറിച്ച് ആദ്യഭാര്യയ്ക്ക് സൂചന ലഭിച്ചതോടെയാണ് അധ്യാപകന്റെ തട്ടിപ്പുകഥ പുറത്തുവരുന്നത്. തുടര്‍ന്ന് ഇവര്‍ പരാതിയുമായി കട്ടക്കിലെ മഹിളാ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ആദ്യഭാര്യമാരില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെ വീണ്ടും വിവാഹിതനായെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.. കഴിഞ്ഞ മാസമാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്‌കൂളിലെത്തിയാണ് അധ്യാപകനെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അനസൂയ നായക് അറിയിച്ചത്.

ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായി തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ 2001 ലാണ് ഇയാള്‍ ആദ്യമായി വിവാഹിതനായതെന്ന് വ്യക്തമായി. തുടര്‍ന്ന് എട്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഒരു വിവാഹം കൂടി ചെയ്തു. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെ ആയിരുന്നു ഇത്. രണ്ടാം ഭാര്യയ്‌ക്കൊപ്പം മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം ഇവരുടെ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യവീട്ടുകാര്‍ നല്‍കിയ മറ്റ് വസ്തുവകകളുമായി ഇവിടെ നിന്നും കടന്നു കളഞ്ഞുവെന്നാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത്.

ഇതിന് തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷം രണ്ട് വിവാഹങ്ങള്‍ കൂടി ചെയ്തത്. വിവരങ്ങള്‍ മനസിലാക്കിയ ആദ്യഭാര്യയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സമാനമായ മറ്റൊരു സംഭവത്തില്‍ എട്ടുതവണ വിവാഹം ചെയ്ത തട്ടിപ്പുവീരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ തൃശൂര്‍ കുന്നകുളം അങ്കൂര്‍ക്കുന്ന് രായമരക്കാര്‍ വീട്ടില്‍ അബ്ദുള്‍ റഷീദിനെ(47)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാടിലെ ഒരു ക്ഷേത്ര മോഷണ കേസില്‍ അറസ്റ്റിലായ ഇയാള്‍ വിവാഹ തട്ടിപ്പു വീരനെന്ന് പിന്നീടാണ് വ്യക്തമായത്. മാനന്തവാടി എരുമത്തെരുവു കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മോഷണക്കേസില്‍ പ്രതി പിടിയിലായതോടെയാണ് വിവാഹ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്.

അന്വേഷണത്തില്‍ വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മോഷണം, വിവാഹത്തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ് ഇയാളെന്നും പൊലീസ് തിരിച്ചറിഞ്ഞു. സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീല്‍ എന്നിവ ഉണ്ടാക്കിയാണ് പ്രതി വിവാഹത്തട്ടിപ്പു നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. ഇയാള്‍ എട്ടുതവണ വിവാഹിതനായിട്ടുണ്ട്.