പെട്രോള്‍, ഡീസല്‍ നികുതി കുറച്ച് നാല് സംസ്ഥാനങ്ങള്‍

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങള്‍ നികുതിയില്‍ കുറച്ചു. പശ്ചിമ ബംഗാള്‍, അസം, രാജസ്ഥാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ചത്. പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്.മേഘാലയ പെട്രോള്‍ ലിറ്ററിന് 7.40 രൂപയും ഡീസല്‍ 7.10 രൂപയും കുറവു വരുത്തി.

അധികനികുതിയിനത്തില്‍ ഈടാക്കിയിരുന്ന അഞ്ചുരൂപ അസം സർക്കാർ വേണ്ടെന്നുവച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവര്‍ധിത നികുതി 38ശതമാനത്തില്‍നിന്ന് 36ശതമാനമായാണ് കുറവുവരുത്തിയത്.

നികുതികുറച്ചതിനെതുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങില്‍ 86.87 രൂപയും ഗുവാഹട്ടിയില്‍ 87.24രൂപയും ജെയ്പൂരില്‍ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊല്‍ക്കത്തയില്‍ 84.56രൂപയും ഷില്ലോങില്‍ 80.24 രൂപയും ഗുവാഹട്ടിയില്‍ 81.49 രൂപയും ജെയ്പൂരില്‍ 89.44 രൂപയും നല്‍കണം.

ഡല്‍ഹയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയില്‍മാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്. അതേസമയം, അടുത്തിടെ കൂട്ടിയ എക്സൈസ് തീരുവ പിന്‍വലിക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.