പ്രധാനമന്ത്രി ഫെബ്രുവരി 25 ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദര്‍ശിക്കും

    പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (ഫെബ്രുവരി 25 നു) തമിഴ്‌നാടും പുതുച്ചേരിയും സന്ദര്‍ശിക്കും. രാവിലെ 11.30 ന് പുതുച്ചേരിയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക്‌ കോയമ്പത്തൂരില്‍ എത്തുന്ന പ്രധാനമന്ത്രി ബഹുവിധ പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കും .12400 കോടി രൂപയുടെ ബഹുവിധ അടിസ്ഥാന സൗകര്യപദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്യും.
    തമിഴ് നാട്ടിലെ പരിപാടികള്‍
    നെയ്‌വേലിയിലെ പുതിയ താപവൈദ്യുത പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും
    1000 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷി രൂപകൽപ്പന ചെയ്ത ലിഗ്നൈറ്റ് അധിഷ്ഠിത വൈദ്യുത നിലയമാണിത്. ഇതിന് 500 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടു യൂണിറ്റുകളാണുള്ളത്. നെയ്‌വേലിയിലെ നിലവിലുള്ള ഖനികളില്‍ നിന്നും സംഭരിക്കുന്ന ലിഗ്നേറ്റ് ഇന്ധനമാക്കുന്ന ഈ ഉര്‍ജ്ജനിലയത്തിന്റെ നിര്‍മ്മാണ ചെലവ് ഏകദേശം 8000 കോടി രൂപയാണ്. പദ്ധതിയുടെ ആയുഷ്‌കാല ആവശ്യത്തിനു വേണ്ടിവരുന്ന ലിഗ്നേറ്റ് ശേഖരം ഇപ്പോള്‍ നിലവില്‍ നെയ്‌വേലിയിലെ ഖനികളില്‍ ഉണ്ട്. ഇതില്‍ ഉണ്ടാകുന്ന 100 ശതമാനം ചാരവും ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് പ്ലാന്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജം തിമിഴ്‌നാട്, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടും. എന്നാലും മുന്തിയവിഹിതം തമിഴ്‌നാടിനായിരിക്കും ഏകദേശം 65 ശതമാനം.
    നെയ് വേലി ലിഗ്നേറ്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് തിരുനല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദ നഗർ ജില്ലകളിലെ 2670 ഏക്കറില്‍ സ്ഥാപിച്ചിരിക്കുന്ന 709 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി രാഷ്ടത്തിനു സമര്‍പ്പിക്കും. ഏകദേശം 3000 കോടിയാണ് പദ്ധതി ചെലവ്.
    ലോവര്‍ ഭവാനി പദ്ധതിയുടെ വികസന, നവീകരണ, ആധുകീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കും. 1955 ലാണ് ഭവാനിസാഗര്‍ അണക്കെട്ടും കനാല്‍ സംവിധാനവും പൂര്‍ത്തിയാക്കിയത്. ലോവര്‍ ഭവാനി പദ്ധതി കനാല്‍ സംവിധാനം, അരക്കന്‍കോട്ട തടപ്പള്ളി കനാലുകള്‍, കലിംഗരായന്‍ കനാല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ലോവര്‍ ഭവാനി സിസ്റ്റം.
    ഈറോഡ്, തിരുപ്പൂര്‍, കരൂര്‍ ജില്ലകളിലായി ഏകദേശം രണ്ടു ലക്ഷം ഏക്കര്‍ വയല്‍ ജലസേചനത്തിന് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.ലോവര്‍ ഭവാനി പ്രോജക്ട് സിസ്റ്റത്തിന്റെ വികസന, നവീകരണ, ആധുകീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ നിന്ന് 934 കോടി രൂപയുടെ സഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന ജലസേചന സംവിധാനത്തെ നല്ല നിലയിലാക്കുക, കനാലുകളുടെ കാര്യക്ഷമത ഉയര്‍ത്തുക, തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. കനാലുകളുടെ ഭിത്തി അറ്റകുറ്റ പണികള്‍ നടത്തുന്നതു കൂടാതെ 824 സ്ലൂയിസുകള്‍ 176 അഴുക്കുചാലുകള്‍, 32 പാലങ്ങള്‍ എന്നിവയുടെ കേടുപോക്കലും നവീകരണവും പൂര്‍ത്തിയാക്കും.
    എട്ടുവരിയില്‍ പൂര്‍ത്തിയാക്കിയ കോരംപള്ളം പാലം, വിഒ ചിദംബരാനാര്‍ തുറമുഖത്തെ റെയില്‍വെ മേല്‍പ്പാലം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖങ്ങളില്‍ ഒന്നാണ് ഇത്. നിലവിലുള്ള കോരംപള്ളം പാലം 1964 ല്‍ നിര്‍മ്മിച്ചതാണ്. തുറമുഖത്തേയ്ക്കുള്ള 76 ശതമാനം ചരക്കു നീക്കവും 14 മീറ്റര്‍ വീതിയുള്ള ഈ പാലം വഴിയാണ് നടക്കുന്നത്. പ്രതിദിനം ഏകദേശം 3000 ചരക്കുവാഹനങ്ങള്‍ ഈ പാലത്തിലൂടെ കടന്നു പോകുന്നു എന്നാണ് കണക്ക്. ഇത് ഈ റോഡില്‍ മാത്രമല്ല സമീപത്തുള്ള റോഡുകളിലും ഗതാഗത കുരുക്കിനും യാത്രാ തടസങ്ങള്‍ക്കും സമയ നഷ്ടത്തിനും കാരണമാകുന്നു. തുറമുഖ മേഖലയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ചരക്കു നീക്കം സുഗമമാക്കാനും കോരംപള്ളം പാലവും റെയില്‍വെ മേല്‍പ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്. പഴയ പാലത്തിന്റെ ഇരു വശങ്ങളിലും 8.5 മീറ്റര്‍ വീതം വീതിയില്‍ രണ്ടു വീതം വരികള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കൂടാതെ നിലവിലുള്ള ബിറ്റുമന്‍ റോഡും ടിടിപിഎസ് സര്‍ക്കിള്‍ മുതല്‍ സിറ്റ് ലേയ്ക്ക് സര്‍ക്കിള്‍ വരെ ഇരുവശവും വീതി കൂട്ടുകയും ചെയ്തു. സാഗരമാല പദ്ധതിയിലൂടെ അനുവദിച്ച 42 കോടി രൂപയുടെ സാമ്പത്തിക സാഹായത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
    വിഒ ചിദംബരാനാര്‍ തുറമുഖത്ത് സ്ഥാപിച്ചിരിക്കുന്ന 5 മെഗാവാട്ടിന്റെ ഭൂതലബന്ധിത സൗരോര്‍ജ്ജ ഗ്രിഡിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 20 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതി പ്രതിവര്‍ഷം 80 ലക്ഷം കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. ഇതില്‍ നിന്ന് തുറമുഖത്തിന്റെ 56 ശതമാനം വൈദ്യിതി ആവശ്യങ്ങളും നിറവേറ്റപ്പെടും. തുറമുഖ പ്രവര്‍ത്തനങ്ങളിലൂടെ പുറം തള്ളുന്ന കാര്‍ബണ്‍ വാതകത്തിന്റെ അളവും ഇതുവഴി ലഘൂകരിക്കാന്‍ സാധിക്കും.
    ജീവിതം കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന്‍ മന്ത്രി ആവാസ് യോജന (നഗര) പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.തമിഴ് നാട് ചേരി നിര്‍മ്മാര്‍ജ്ജന ബോര്‍ഡാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വീരപാണ്ഡിയിലും തിരുപ്പൂരിലും കൂടി 1280,തിരുക്കുമാരന്‍ നഗറില്‍ 1248, മധുര രാജാക്കൂര്‍ ഘട്ടം 2 ല്‍ 1088, , ടിച്ചി ഇരുഗലൂരില്‍ 528 വീതം വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. 330 കോടിയാണ് ഈ വീടുകളുടെ നിര്‍മ്മാണ ചെലവ്. ഹാള്‍, കിടപ്പുമുറി, അടുക്കള, കുളിമുറി. ശുചിമുറി എന്നിവ ഉള്‍പ്പെടെ 400 ചതുരശ്രഅടി വിസ്തീര്‍ണമുള്ളവയാണ് ഈ വീടുകള്‍ ഓരോന്നും. ഇവ നഗരത്തിലെ പാവപ്പെട്ട ചേരിവാസികള്‍ക്കാണ് നല്കുന്നത്. ഇവയ്ക്കായി റോഡുകള്‍, തെരുവു വിളക്കുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ്, കൂടാതെ റേഷന്‍ കട, അംഗന്‍വാടി, ഗ്രന്ഥശാല, കടകള്‍ എന്നിവയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
    കോയമ്പത്തൂര്‍, മധുര, സേലം, തഞ്ചാവൂര്‍, വെല്ലൂര്‍, തൃശിനാപ്പിള്ളി, തിരിപ്പൂര്‍, തിരുനല്‍വേലി, തൂത്തുക്കുടി എന്നീ ഒന്‍പതു സ്മാര്‍ട്ട് നഗരങ്ങളുടെ വികസനത്തിന് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ക്കും പ്രധാന മന്ത്രി തറക്കല്ലിടും. ഇവയുടെ നിര്‍മ്മാണ ചെലവ് ഏകദേശം 107 കോടി രൂപയാണ്. 24 മണിക്കൂറും ഗവണ്‍മെന്റു സേവനങ്ങള്‍ ഉള്‍പ്പെടെ എന്തും ഇവിടെ നിന്നു ലഭ്യമാക്കും.
    പുതുച്ചേരിയിലെ പരിപാടികള്‍
    കാരക്കാല്‍ ജില്ലയിലെ വിഴിപ്പുറം നാഗപട്ടണം പദ്ധതിയുടെ 56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സത്തനാഥപുരം – നാഗപട്ടണം പായ്‌ക്കേജിന്റെ നാലുവരി ദേശീയപാത 45 എ യ്ക്ക് പ്രധാന മന്ത്രി തറക്കല്ലിടും. ചെലവു പ്രതീക്ഷിക്കുന്നത് 2426 കോടിയാണ്. ജിപ്മറിനു വേണ്ടി ഒന്നാം ഘട്ടമായി കാരക്കാലിലെ പുതിയ കാമ്പസില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളജ് മന്ദിരത്തിനും അദ്ദേഹം തറക്കല്ലിടും. ഇതിന്റെ നിര്‍മ്മാണ ചെലവ് 491 കോടിയാണ്.
    സാഗർ മാല പദ്ധതിയുടെ കീഴില്‍ നിര്‍മ്മിക്കു്‌ന പുതുച്ചേരി മൈനര്‍ തുറമുഖത്തിനും പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കും. ചെലവു പ്രതീക്ഷിക്കുന്നത് 44 കോടി രൂപയാണ്. പുതുച്ചേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് ചെന്നെയിലേയ്ക്കു ചരക്കുകള്‍ എത്തിക്കാന്‍ ഇതു സഹായകരമാകും എന്നു പ്രതീക്ഷിക്കുന്നു. പുതുച്ചേരി ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിനും അ്‌ദ്ദേഹം തറക്കല്ലിടും. നിലവിലുള്ള 400 മീറ്റര്‍ ട്രാക്ക് കാലഹരണപ്പെട്ടതും നാശോന്മുഖവുമാണ്. പുതിയ ട്രാക്കിന്റെ നിര്‍മ്മാണ ചെലവ് ഏകദേശം 7 കോടിയാണ്.
    പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) ലെ ബ്ലഡ് സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗവേഷണ ശാല, എല്ലാ വിധത്തിലുമുള്ള രക്തമാറ്റങ്ങള്‍ക്കു പരിശീലനം നല്കുന്ന സ്ഥാപനം എന്നീ നിലകളിലാവും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. നിര്‍മ്മാണ ചെലവ് 28 കോടി രൂപ.
    ലോസ്‌പെറ്റില്‍ പെണ്‍കുട്ടികള്‍ക്കായി 100 കിടക്കകളുള്ള ഹോസ്റ്റലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ, വനിത കായിക താരങ്ങള്‍ക്കായി 12 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് ഇത്. പുതുക്കി പണുത ഹെരിറ്റേജ് മാരി കെട്ടിടത്തിന്റെയും ഉല്‍ഘാടനം അദ്ദേഹം നിര്‍വഹിക്കും. പുതുച്ചേരിയുടെ ചരിത്രത്തിലെ നാഴിക കല്ലായ ഈ മന്ദിരം , ഫ്രഞ്ചുകാര്‍ നിര്‍മ്മിച്ചതാണ്. ഇതാണ് ഇപ്പോള്‍ വാസ്തുവിദ്യ നിലനിര്‍ത്തിക്കൊണ്ട് 15 കോടി രൂപ ചെലവില്‍ പുതുക്കി പണിതിരിക്കുന്നത്.