തലശേരിയില്‍ ബിജെപി പിന്തുണ സി.ഒ.ടി. നസീറിനെന്ന് വി. മുരളീധരന്‍

    തിരുവനന്തപുരംന്മ തലശേരിയില്‍ മനസ്സാക്ഷി വോട്ടു ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീറിനു വോട്ടു ചെയ്യാനാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നുമില്ല. ബിജെപിയില്‍ ജില്ലാ നേതൃത്വത്തെക്കാള്‍ വലുതാണ് സംസ്ഥാന പ്രസിഡന്റെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    തലശേരിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായി മനസ്സാക്ഷിവോട്ടു ചെയ്യാനാണ് ബിജെപി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ബിജെപി പിന്തുണ വേണ്ടെന്നു സി.ഒ.ടി. നസീര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ജില്ലാ നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചത്. എന്നാല്‍, ഈ നിലപാട് സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണു മുരളീധരന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

    നാമനിര്‍ദേശ പത്രിക തള്ളിയതിനെത്തുടര്‍ന്നാണു തലശേരിയില്‍ എന്‍ഡിഎയ്ക്കു സ്ഥാനാര്‍ഥി ഇല്ലാതായത്. എന്‍ഡിഎയുടെ പിന്തുണ വേണ്ടെന്നു നസീര്‍ തുറന്നു പറഞ്ഞിരുന്നു. എന്‍ഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും പിന്തുണ സ്വീകരിക്കുകയും ചെയ്തു നാലാം ദിവസമാണു നസീര്‍ മലക്കംമറിഞ്ഞത്. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും എന്‍ഡിഎ പിന്തുണയോട് എതിര്‍പ്പു പ്രകടിപ്പിച്ചതിനാലാണു തീരുമാനമെന്നും നസീര്‍ വിശദീകരിച്ചു.