82 കായിക താരങ്ങള്‍ക്ക് ജോലി; നക്സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം;

തിരുവനന്തപുരം: നക്സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചു. 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.

വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാനാണ് തീരുമാനം.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍…

കേസുകള്‍ പിന്‍വലിക്കും

ശബരിമല സ്ത്രീപ്രവേശനം, പൗരത്വഭേദഗതി നിയമം എന്നീ പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

ഐടി, ഐടി അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി

ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പ് കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമബോര്‍ഡിനായിരിക്കും. പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

പത്ത് ജീവനക്കാരില്‍ താഴെയുള്ള ഐടി സംരംഭകരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയില്‍ വരും. 18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹത.

മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും

കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.

പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അധിക എന്‍.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനല്‍കും. മാറ്റിവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ താല്പര്യമുള്ള ജീവനക്കാര്‍ക്ക് അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

ശമ്പളം പരിഷ്‌കരിക്കും

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും അലവന്‍സുകളും 2021 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യും.

ഹൈക്കോടതി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

മലബാര്‍ സിമന്റ്സ് ലിമിറ്റഡിലെ മാനേജീരിയല്‍ തസ്തികയിലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലിലേയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലേയും സി.എസ്.ഐ.ആര്‍ നിരക്കില്‍ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.

ദീര്‍ഘകാല കരാര്‍

കെ.എസ്.ഡി.പിയിലെ വര്‍ക്ക്മെന്‍ കാറ്റഗറി ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ അനുമതി നല്‍കി.

ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2014 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ തീരുമാനിച്ചു.

നോഡല്‍ ഏജന്‍സി

ശബരിമല വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ ചുമതലപ്പെടുത്തും.