അറുപത് കഴിഞ്ഞവര്‍ക്ക് തിങ്കളാഴ്ചമുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും, 10000 സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യം

    Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

    ന്യൂഡല്‍ഹി: അറുപതുവയസുകഴിഞ്ഞവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും തിങ്കളാഴ്ച മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ വിതരണത്തിന് 10000 കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ പണം നല്‍കേണ്ടിവരും. വാക്‌സിന്റെ വിലയെക്കുറിച്ച് ആശുപത്രികളുമായും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

    മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിലൂടെ 27 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 1.19 കോടി ആളുകളാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമാണ് രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

    ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്തത്.