പിള്ള ഹാപ്പിയെങ്കിലും മകന്‍ ഗണേഷ് ഹാപ്പിയല്ല; താന്‍ മന്ത്രിയാകാതിരിക്കാനാണ് അച്ഛന്‍ ക്യാബിനറ്റ് പദവിയോടെ മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ആയത്; ഗണേഷ് കുമാര്‍ യു.ഡി.എഫിലേക്ക് ചേക്കേറാന്‍ നീക്കങ്ങള്‍ നടത്തുന്നു

ഒരിടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്( ബി)യില്‍ അഭ്യന്തര പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിളളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം നല്‍കിയതാണ് പാര്‍ട്ടിക്കുളളില്‍ പുതിയ പ്രശ്‌നത്തിനു വഴിയൊരുക്കിയത്.

മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിളളയ്ക്കു നല്‍കിയതില്‍ കേരള കോണ്‍ഗ്രസ്(ബി) വൈസ് ചെയര്‍മാനും പത്തനാപുരം എംഎല്‍എ യും മകനുമായ കെ.ബി ഗണേഷ് കുമാറിന് കടുത്ത എതിര്‍പ്പുള്ളതായി വിവരം. എതിര്‍പ്പ് പരസ്യമാക്കാന്‍ ഗണേഷ് കുമാര്‍ തയാറല്ലെങ്കിലും പാര്‍ട്ടിക്കുളളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. ഗണേഷിനോട് അടുപ്പമുളള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഗണേഷിന്റെ മന്ത്രിസ്ഥാന സാധ്യതയാണ് ഇതോടെ ഇല്ലാതായതെന്നാണ് ഈ വിഭാഗം പറയുന്നത്. തങ്ങള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്‌നം വഷളാക്കി. ഇതിനിടെ, മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയില്‍ പിള്ളയ്ക്കു സ്വീകരണം പോലും നല്‍കാത്തതിനു പിന്നില്‍ ഗണേഷ് വിഭാഗത്തിന്റെ എതിര്‍പ്പാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഇടുക്കിയിലാണ് പാര്‍ട്ടിതലത്തില്‍ പിള്ളയ്ക്കു സ്വീകരണം നല്‍കിയത്. പിണറായി മന്ത്രി സഭയില്‍ ‘ഇന്നല്ലങ്കില്‍ നാളെ’ മന്ത്രി സ്ഥാനം തനിക്കു ലഭിച്ചേക്കുമെന്നായിരുന്നു ഗണേഷിന്റെ കണക്കുകൂട്ടല്‍. അതിനിടെയാണ് കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണ പിളള തട്ടിയെടുത്തത്. ഇതോടെ മന്ത്രിസാധ്യത അടഞ്ഞു.

പിളളക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചതോടെ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട  ബോര്‍ഡ് ,കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും  ഇല്ലാതായി. ഇതില്‍ പ്രവര്‍ത്തകര്‍ക്കെല്ലാം വലിയ എതിര്‍പ്പാണ് ഉളളത്.

എന്നും എല്ലാം ഒരാള്‍ മാത്രം നേടിയെടുക്കുന്നതു ശരിയല്ല, പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്ന പ്രവര്‍ത്തകരെ കൂടി കണക്കിലെടുക്കണമെന്നാണ് ഗണേഷിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കാന്‍ ഗണേഷ് കുമാര്‍ തയാറായിട്ടില്ല. എല്‍ഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെങ്കിലും കേരളകോണ്‍ഗ്രസ് (ബി)യുടെ മുന്നണി പ്രവേശനം ഇപ്പോഴും അടഞ്ഞ അധ്യായമാണ്.

പിളളയുടെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ സിപിഐ അടക്കമുളള കക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പാണ്. ഇതിനിടെ യുഡിഎഫിലേക്ക് തിരിച്ചു പോകാനുളള അണിയറ ചര്‍ച്ചകളും സജീവമായി നടന്നു വരികയായിരുന്നു. പിളളയാണ് യുഡിഎഫിലേക്ക് തിരിച്ചു പോക്കിനുളള ചര്‍ച്ചകള്‍ നടത്തി വന്നത്. എല്‍ഡിഎഫിനെതിരെ ചില വേദികളില്‍ പിള്ള സംസാരിക്കുകയും ചെയ്തു.

അതിനിടെയാണ് ക്യാബിനറ്റ് പദവിയോടെ ചെയര്‍മാന്‍ സ്ഥാനം നല്‍കി പിളളയുടെ ‘പിണക്കം’ മാറ്റാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ചെയര്‍മാന്‍സ്ഥാനം ലഭിച്ചതോടെ പിളളയ്ക്കും കൂട്ടര്‍ക്കും സന്തോഷമായങ്കിലും മകനും എംഎല്‍എ യുമായ ഗണേഷിനും അനുയായികളും ഇടഞ്ഞു. ഇവര്‍ യുഡിഎഫ് പക്ഷത്തേക്കു നീങ്ങാനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.