എന്‍എസ്എസ് കേസ് നടത്തി തോറ്റു, ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തി: കാനം രാജേന്ദ്രന്‍

    തിരുവനന്തപുരം ന്മ ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ കുറ്റപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ എന്‍എസ്എസ് കേസ് നടത്തി തോറ്റു. അപ്പോള്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തി. കോടതി വിധി വരുന്നതു വരെ കാത്തിരിക്കുന്നതാണു മര്യാദയെന്നും കാനം പറഞ്ഞു.

    ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുമുണ്ട് എന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സിപിഎമ്മും ഇടതു സര്‍ക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞിരുന്നു. 2018 ലെ നിലപാടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചിരിക്കെയാണ് അന്നത്തെ നടപടികളെ ന്യായീകരിച്ചു യച്ചൂരി രംഗത്തെത്തിയത്.