‘ശബരിമല ചര്‍ച്ചയാകും’; കഴക്കൂട്ടത്ത് ശോഭ വന്നാലും യുഡിഎഫ് സാധ്യത മങ്ങില്ലെന്ന് ഡോ. എസ.എസ് ലാല്‍

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല ചര്‍ച്ചയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.എസ് എസ് ലാല്‍. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ വന്നാലും യുഡിഎഫിന്റെ വിജയസാധ്യത മങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി ആയി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആരു വന്നാലും തന്റെ വിജയ സാധ്യതയെ ബാധിക്കില്ല. ബിജെപി കഴിഞ്ഞ തവണ പിടിച്ച വോട്ട് പോലും ഇത്തവണ പിടിക്കില്ല. ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ കുറിച്ച് തീരുമാനം പോലും എടുക്കാന്‍ ആകാത്ത പാര്‍ട്ടിയെ കുറിച്ച് ആലോചിച്ച് ആശങ്കപെടേണ്ട കാര്യമില്ലെന്നും എസ് എസ് ലാല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വളരെയധികം സന്തോഷത്തിലാണ്. വളരെ സജീവമായാണ് പ്രചാരണം നടക്കുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളും മികച്ചവരാണ്. കഴക്കൂട്ടം നഗരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് സാധ്യതകളുണ്ട്. കഴക്കൂട്ടത്തെ ഒരു ഗ്ലോബല്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഡോ. എസ്.എസ്. ലാല്‍

2016ല്‍ ഏറ്റവും വാശിയേറിയ ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി മുരളീധരനും എം എ വാഹിദും ഏറ്റുമുട്ടിയപ്പോള്‍ 7347 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കടകംപള്ളി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇക്കുറിയും കടകംപളളി സുരേന്ദ്രനാണ് ഉള്ളത്.