മുഖ്യമന്ത്രിയുടെ ഓഫീസ് “എല്ലാം ശരിയാക്കി”; മിനികുമാരി പരലോകം പൂകി

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന വാക്യം എഴുതിയ മാന്യന്മാര്‍ ഈ ഭൂമുഖത്തെങ്ങാനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കണ്ണും കാതും തുറന്ന് ഈ കഥയൊന്നു കേള്‍ക്കണം- ഈ പരസ്യ വാചകത്തിന്‍റെ പിതൃത്വത്തെ ചൊല്ലി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്‌ ജോണ്‍ ബ്രിട്ടാസും മൈത്രി അഡ്വര്‍ടൈസിംഗ് ഏജന്‍സിയും തമ്മില്‍ കശപിശ ഉണ്ടായിരുന്നതായും കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ഈ വാചകം എഴുതിയത് താനാണെന്ന് ബ്രിട്ടാസ് പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത പ്ലാന്‍റ് ചെയ്തിരുന്നു. അവിടെ നില്‍ക്കട്ടെ.

എല്ലാം ശരിയാക്കാന്‍ വന്നവര്‍ ഒരു മനുഷ്യജീവന് പുല്ലു വില പോലും കല്‍പ്പിക്കാത്തതിന്‍റെ കഥയാണ് തിരുവനന്തപുരം ചൂഴമ്പാല സ്വദേശി അജികുമാറിന് പറയാനുള്ളത്.

കാന്‍സര്‍ രോഗിയായ തന്‍റെ ഭാര്യ മിനി കുമാരിയുടെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടി 2016 ഒക്ടോബറില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചികിത്സാസഹായങ്ങള്‍ക്കുള്ള അപേക്ഷ നേരിട്ടു സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് സുരേഷിന്‍െറ കയ്യില്‍ മിനിയുടെ സഹോദരന്‍ ബിജു നേരിട്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ട് ഒരു മറുപടി കത്തു പോലും കിട്ടാതായപ്പോള്‍ ബിജു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചു.

അങ്ങനെയൊരു അപേക്ഷ പോലും കിട്ടിയതായി അംഗീകരിക്കാന്‍ മുഖ്യമന്ത്രിയുടെ പി.എ തയ്യാറായില്ല. ഓഫീസിലെ ഒരു പ്യൂണിന്‍റെ സഹായത്തോടെ ഈ മാന്യന്‍റെ മേശയും പരിസരവും തപ്പിയപ്പോള്‍ മേശയ്ക്കടിയിലെ കടലാസ് കൂമ്പാരത്തില്‍ നിന്ന് അപേക്ഷ കിട്ടി. നല്ലവനായ പ്യൂണ്‍ ദിവാകരന്‍ തപ്പിയെടുത്ത കടലാസ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്ത് അക്കനോളജ്മെന്‍റ് കാര്‍ഡ് ബിജുവിനെ ഏല്‍പ്പിച്ചു. ആ മറുപടി കടലാസില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. Your Complaint registered successfully. Your Docket No is D 161104910.

സ്തനാര്‍ബുദം ബാധിച്ച് കഴിയുന്ന രോഗിയുടെ ചികിത്സയ്ക്കായി എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അജികുമാറും കുടുംബവും. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വില്ലേജാഫീസറുടെ ഒരു ഫോണ്‍ വിളി വന്നു. അതിനു ശേഷം പിന്നെ ഒന്നും സംഭവിച്ചില്ല.

ആറേഴ് മാസം മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്യാന്‍സര്‍ രോഗികള്‍ ചികിത്സാ സഹായത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ശരവേഗത്തിലായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്. അര്‍ഹതയുള്ള എല്ലാവര്‍ക്കും നിര്‍ലോഭം സഹായം അവിടെ നിന്ന് കിട്ടിയിരുന്നു.

പുതിയ മുഖ്യമന്ത്രിയുടെ ആപ്പീസിലെ ശരിയാക്കല്‍ യജ്ഞം തുടര്‍ന്നതിന്‍റെ ബാക്കി കഥയിങ്ങനെയാണ്. മിനിയുടെ സഹോദരന്‍ ബിജു ഒരു വാര്‍ത്താചാനലിലെ ക്യാമറാമാനാണ്. അയാള്‍ ആഴ്ചയില്‍ മൂന്നും നാലും വട്ടം മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലില്‍ ഈ അപേക്ഷയുടെ സ്റ്റാറ്റസ് അന്വേഷിക്കുമായിരുന്നു. അപേക്ഷയും അനുബന്ധ രേഖയും സ്കാന്‍ ചെയ്ത് താഴോട്ടും മുകളിലോട്ടും അയച്ചിട്ടുണ്ടെന്നുള്ള ധാര്‍ഷ്ട്യം നിറഞ്ഞ മറുപടികളായിരുന്നു. ഒന്നും ശരിയാക്കിയില്ല. ശരിയാക്കി കൊടുത്തതുമില്ല.

വേദനയും ദാരിദ്ര്യവും ദുരിതവും നിറഞ്ഞ ദിവസങ്ങളിലൂടെയായിരുന്നു അജിയും മിനിയും കടന്നു പോയത്. ഒടുവില്‍ 2017 ജനുവരി മൂന്നാം തീയതി 44-കാരിയായ മിനികുമാരി വേദനയില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. ശരിയാക്കിത്തരാമെന്ന് വീരവാദം മുഴക്കിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ നീതികേടിന് ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥരല്ലേ ? ഓരോ ഫയലിലും ഓരോ ജീവിതവും ജീവനുമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് കൈകഴുകി മാറി നില്‍ക്കാനാവുമോ ? വേദനസംഹാരികള്‍ പോലും വാങ്ങാനാവാതെ ബുദ്ധിമുട്ടിയ ഒരു കുടുംബത്തോട് കാണിച്ച അനീതിയോട് ആര് സമാധാനം പറയും.

ജീവിതങ്ങളേയും ജീവനുകളേയും അക്ഷരാര്‍ത്ഥത്തില്‍ ശരിയാക്കി വിടുന്ന സര്‍ക്കാര്‍ സംവിധാനത്തിന് സ്തുതി പറയാനെ കഴിയൂ.