സിനിമാ റെഗുലേറ്ററി ബോര്‍ഡിനെതിരെ ബി.ഉണ്ണികൃഷ്ണന്‍

 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി മാതൃകയില്‍ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണന്‍. ലോകത്ത് തൊഴില്‍ ഉള്‍പ്പെടെയുള്ള സകല മേഖലകളും റെഗുലേറ്ററി അതോറിറ്റിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്ന കാലത്ത് ചലച്ചിത്ര ലോകത്ത് ഇത് നടപ്പാക്കാനൊരുങ്ങുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുമെന്നും ഫെഫ്കയ്ക്ക് ഇതില്‍ ആശങ്കയുണ്ടെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ തലവനാകുന്ന റെഗുലേറ്ററി ബോഡിക്ക് സിനിമാ മേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അതിന്റേതായ രീതിയില്‍ മനസിലാക്കാനാവില്ല. അവര്‍ നിയമവും ചടങ്ങളും നിരത്തിയായിരിക്കും കാര്യങ്ങളെ സമീപിക്കുക. അത് കലാ, സാഹിത്യ, സിനിമാ മേഖലകളില്‍ നടപ്പാക്കാനൊക്കാത്ത കാര്യമാണ്. ഇപ്പോള്‍ പല സംഘടനകളും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന സര്‍ഗാത്മക സ്വാതന്ത്ര്യത്തെ അത് തകര്‍ക്കും. സിനിമ ഇന്‍ഡസ്ട്രി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകുമെന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ചര്‍ച്ചകളിലൂടെ, ജനാധിത്യപരമായ രീതിയില്‍ സമരം അവസാനിപ്പിക്കണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

അതേസമയം വരുമാനത്തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാതാക്കളും വിതരണക്കാരും നടത്തുന്ന സമരത്തെ കുറിച്ച് ഫെഫ്ക പ്രതികരിക്കുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മുമ്പെങ്ങും ഇല്ലാത്തവിധം വ്യവസായം നല്ലരീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. അത് എല്ലാവരും മനസിലാക്കണം. സമരം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോയാല്‍ സ്ഥിരം സിനിമാ കാണുന്ന പ്രേക്ഷകര്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തും. പിന്നീടവരെ തിയേറ്ററുകളിലേക്ക് മടക്കികൊണ്ടു വരുക ബുദ്ധിമുട്ടായിരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സമരം അവസാനിപ്പിച്ചിട്ട് ചര്‍ച്ചകളിലൂടെ വരുമാനം പങ്കുവയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.