‘യുവതി പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ?; അതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്’: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ തനിനിറം പുറത്യിരിക്കുകയാണ്. കടകംപള്ളിയുടെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ നേരത്തെ സര്‍ക്കാരും പിണറായിയും എടുത്ത നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ശബരിമല പ്രശ്‌നത്തില്‍ ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമല യുവതീ പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ? സത്യവാങ്മൂലം തിരുത്താന്‍ തയ്യാറാകുമോ ? എന്നീ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

    ശബരിമല സംബന്ധിച്ച നിലപാട് പുറത്ത് വന്നതോടെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സിപിഎം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    മാധ്യമങ്ങള്‍ക്കെതിരെയും പ്രതിപക്ഷ നേതാവ്  രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.  മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വെകളിലൂടെ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണ്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്ക് മുമ്പിലും സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകര്‍ക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിന് കഴിയാത്തതിനാല്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച്  അഭിപ്രായ സര്‍വെയിലൂടെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഇപ്പോള്‍ വന്ന സര്‍വെകളും ഇനി വരാനിരിക്കുന്ന സര്‍വെകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.