നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പിയുടെ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല

    കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല. നാളെ നിലപാട് അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.

    തിങ്കളാഴ്ച 12 മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക. ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പല തരത്തിലുള്ള നീതിയാണ് ഉള്ളതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

    തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പത്രികയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ തലശ്ശേരിയിലും ഗുരുവായൂരിലും എന്‍.ഡി.എ.ക്ക് സ്ഥാനാര്‍ഥിയില്ലാതായി. തലശ്ശേരിയില്‍ ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ദേവികുളത്ത് എന്‍.ഡി.എ.ക്ക് മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി ആര്‍. ധനലക്ഷ്മിയുടെ പത്രിക അപൂര്‍ണമാണെന്ന കാരണത്താലാണ് തള്ളിയത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ എസ്. ഗണേശനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചു.

    എന്‍. ഹരിദാസ് നല്‍കിയ പത്രികയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. ഒപ്പോടുകൂടിയ ഫോം ഹാജരാക്കാന്‍ ബി.ജെ.പി. നേതാക്കള്‍ സമയംതേടിയെങ്കിലും അനുവദിച്ചില്ല. ഡമ്മി സ്ഥാനാര്‍ഥിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക തയ്യാറാക്കിയിരുന്നെങ്കിലും അധ്യക്ഷന്റെ ഒപ്പില്ലായിരുന്നു. നിവേദിത നല്‍കിയ പത്രികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണത്താലാണ് തള്ളിയത്.