സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രം : മുഖ്യമന്ത്രി

    തിരുവനന്തപുരം: സര്‍വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചാരണം തുടങ്ങിയതു മുതല്‍ കാണുന്ന ആശ്ചര്യപ്പെടുത്തുന്ന ജനാവലി എല്‍.ഡി.എഫിന്റെ ജനസ്വാധീനം വര്‍ധിപ്പിച്ചതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രം. അതിനാല്‍ അലംഭാവം പാടില്ല. കൂടുതല്‍ ഗൗരവത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. എതിര്‍ത്തുകൊണ്ടിരിക്കുന്നവര്‍ പോലും വസ്തുതകള്‍ മനസിലാക്കിയതിന്റെ ഫലമാണ് സര്‍വേകളില്‍ തെളിയുന്നത്.

    പ്രതിസന്ധികള്‍ക്കിടയിലും വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയില്ല. കഴിയുന്നതിന്റെ പരമാവധി ചെയ്ത സര്‍ക്കാരാണിത്. അതൊക്കെ ജനം മനസിലാക്കുന്നു. വസ്തുതകള്‍ അവതരിപ്പിക്കേണ്ട മാധ്യമങ്ങളില്‍ ചിലത് രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നു. 16058 പി.എസ്.സി. നിയമനങ്ങള്‍ നടത്തി യു.ഡി.എഫ്. ഭരണകാലത്തെ പിന്നോട്ട് തള്ളി. കിഫ്ബിക്കെതിരെ പറയുന്നതില്‍ സത്യമില്ല. ജനം അതൊന്നും ചെവികൊണ്ടില്ല. ഇപ്പോഴുള്ള നടപടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. ചെപ്പടി വിദ്യകള്‍ കൊണ്ട് വികസനത്തെ അട്ടിമറിക്കാനാകില്ല. നുണ നിര്‍മ്മിതിയില്‍ നിന്ന് പലരും പിന്നോട്ട് മാറുന്നില്ലയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.