മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനാകുന്ന ‘വണ്‍’ മാര്‍ച്ച് 26 ന് റിലീസ് ചെയ്യും

തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26 ന് ചിത്രം തിയെറ്ററുകളിലെത്തും. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നീണ്ടുപോകുകയായിരുന്നു.

പൊളിറ്റിക്കല്‍ എന്റര്‍ടെയിനറായ ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതാണ് ട്രെയ്ലര്‍. മമ്മൂട്ടിയുടെ അഭിനയം തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം. ട്രെയ്ലറില്‍ മുഖ്യമന്ത്രിയുടെ മാസ് ലുക്കിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. മുഖ്യമന്ത്രിക്ക് ശക്തനായ എതിരാളിയായ പ്രതിപക്ഷ നേതാവായി ചിത്രത്തില്‍ മുരളിഗോപി എത്തുന്നു. മാടമ്പള്ളി ജയാനന്ദനായി മുരളി ഗോപിയും ട്രെയ്ലറില്‍ നിറഞ്ഞുനില്‍ക്കുന്നു. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതു തന്നെയാണ് ട്രെയ്ലര്‍. ഇഷാനി കൃഷ്ണകുമാര്‍, നിമിഷ സജയന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത് തുടങ്ങിയ താരങ്ങളെയും ട്രെയ്ലറില്‍ കാണാം.

‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും ഒരു രാഷ്ട്രീയക്കാരനായി എത്തുന്നതാണ് ‘വണ്‍’. നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.

മധു, ജോജു ജോര്‍ജ്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.