ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

    കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി.

    സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ച ചെന്നിത്തല, 5 വോട്ടുകള്‍ വരെ ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുണ്ടെന്നും ഗുരുതര പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും.

    131 മണ്ഡലങ്ങളിലായി നാല് ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തിട്ടുള്ളതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം.