ഐ ലീഗ് കിരീടം ഗോകുലത്തിന്; അവസാന 25 മിനിറ്റില്‍ നേടിയത് 4 ഗോള്‍

കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. ലീഗിലെ അവസാന മത്സരത്തില്‍  മണിപ്പുര്‍ ക്ലബ് ട്രാവു എഫ്‌സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ഗോകുലം ഐ ലീഗ് നേടി. ഐ ലീഗ് ചരിത്രത്തില്‍ കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം.

കൊല്‍ക്കത്തയിലെ കെബികെ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

23-ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിംഗിന്റെ ഗോളിലൂടെ മുന്നിലെത്തിയ ട്രാവു എഫ്‌സി 69-ാ ം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. ഇതിനിടെ 67-ാം മിനിറ്റില്‍ ട്രാവു എഫ്സിയുടെ ഡെന്നിസ് ഗ്രൗണ്ടെക് റോസ് നേടിയ ഗോള്‍ ക്രോസിന് മുമ്പ് പന്ത് പുറത്തുപോയതിനാല്‍ ലൈന്‍ റഫറി നിഷേധിച്ചു. ഇതിന് തൊട്ടുപിന്നാലെ 69-ാം മിനിറ്റില്‍  ഫ്രീ കിക്കില്‍ നിന്ന് അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദാണ് ഗോകുലത്തിന്റെ സമനില ഗോള്‍ നേടിയത്.

സമനില ഗോളിന് പിന്നാലെ ഒന്നിന് പിന്നാലെ ഒന്നായി ആക്രമണം അഴിച്ചുവിട്ട ഗോകുലം 75-ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നിയിലൂടെലീഡെടുത്തു. 77-ാം മിനിറ്റില്‍ ഡെന്നീസ് അഗ്യാരയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം റഷീദിലൂടെ ഗോകുലും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ റൗണ്ടില്‍ ഗോകുലം ട്രാവുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

എമേര്‍ജിങ് താരം – എമില്‍ ബെന്നി (ഗോകുലം)

ലീഗിലെ മികച്ച താരം – വിദ്യാസാഗര്‍ സിങ് (ട്രാവു)

ലീഗ് ടോപ് സ്‌കോറര്‍ – വിദ്യാസാഗര്‍ സിങ് (12 ഗോളുകള്‍)

ഗോകുലത്തിന്റെ ടോപ് സ്‌കോറര്‍ –  ഡെന്നിസ് അഗ്യാരെ (11 ഗോളുകള്‍)

ന്മ TOP 3 പോയിന്റ് നില

(ടീം, മത്സരം, വിജയം, തോല്‍വി, സമനില, അടിച്ച ഗോളുകള്‍, വഴങ്ങിയ ഗോളുകള്‍, പോയിന്റ് എന്ന ക്രമത്തില്‍)

ഗോകുലം: 15 9 4 2 31 17 29

ചര്‍ച്ചില്‍: 15 8 2 5 22 17 29

ട്രാവു: 15 7 3 5 27 19 26