‘പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി; പക്ഷെ ബന്ധത്തിന് കോട്ടം തട്ടില്ല’: സുരേഷ് ഗോപി

    തൃശൂർ: എതിർ സ്ഥാനാർഥിയായ പത്മജ വേണുഗോപാലാണ് മത്സരിക്കുന്നതെങ്കിലും അവരുമായുള്ള ബന്ധത്തിന് ഒരു കോട്ടവും പറ്റില്ലെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍ മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനെതിരെയാണെങ്കിലും മത്സരിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

    “രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍ മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനെതിരെയാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്ക് ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരും കോട്ടവും തട്ടില്ല”- സുരേഷ് ഗോപി പറഞ്ഞു.

    “അഞ്ച് വർഷം നീണ്ട ഭരണകാലത്ത് ദ്രോഹം സംഭവിച്ചിട്ടുണ്ടെന്നും, ബിജെപിയെ പരീക്ഷിക്കാൻ ജനം തയ്യാറാകണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നു. എന്റെ വിശ്വാസങ്ങളെ തകർക്കാൻ വരികയാണെങ്കിൽ, അങ്ങനെ തകർക്കാൻ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരം”- ശബരിമല വിഷയം പരാമർശിച്ച് സുരേഷ് ഗോപി പറഞ്ഞു.