നടന്‍ വിജിലേഷ് വിവാഹിതനായി; വിഡിയോ

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ വിജിലേഷ് വിവാഹിതനായി. ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിജിലേഷിന്റെയും സ്വാതിയുടെയും വിവാഹം നടന്നത്. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററില്‍ കയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ വിജിലേഷ് എത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

മുന്‍പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. ”ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. ഇങ്ങനെയായിരുന്നു വിജിലേഷിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതി ഹരിദാസിനെ എത്തിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ