അന്തരിച്ച പികെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍! ജീവിച്ചിരിപ്പുണ്ടെന്ന് പരാതിക്കാരന് മറുപടി

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍. ഇദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാള്‍ക്ക്, ഫീല്‍ഡ് വെരിഫിക്കേഷനില്‍ കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായതായി മറുപടി ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നാണ് മറുപടി കിട്ടിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. സംഭവം പരിശോധിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.