ചെന്നിത്തലയുടെ അദാനി ബോംബും ചീറ്റിപ്പോയി : പിണറായി

അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ കരാറൊപ്പിട്ടു എന്ന പ്രതിപക്ഷ നേതാവിന്റെ  ആരോപണത്തിനു മുഖ്യമന്ത്രിയുടെ മറുപടി. ചെന്നിത്തലയുടെ ഈ ബോംബും ചീറ്റി പോയെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ എല്ലാ കരാറുകളും ബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. അന്യായമായി ഒന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മേഖലയിലെ കുതിപ്പിനു തടയിടാനാണ് ചിലര്‍ ശ്രമിക്കുന്നത്. വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം പുകമറകള്‍ സൃഷ്ടിക്കാനാണ് ചിലര്‍ക്കു താത്പര്യം. ഇരട്ടവോട്ട് പ്രശ്‌നത്തില്‍ നാലരലക്ഷം പേരെ കള്ള വോട്ടര്‍മാരായി പ്രതിപക്ഷനേതാവ് ചിത്രീകരിക്കുന്നത്. ഇരട്ട സഹോദരന്‍മാരെ ഉള്‍പ്പടെ ഇങ്ങനെ കള്ള വോട്ടര്‍മാരായി ചിത്രീകരിച്ചു. അങ്ങനെയെങ്കില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ വീട്ടിലും കള്ള വോട്ടില്ലേ എന്നും പിണറായി തിരിച്ചടിച്ചു.

കേരളത്തില്‍ ബി.ജെ.പിക്ക് സ്വപ്നം കാണാനാവാത്ത തിരിച്ചടിയുണ്ടാവും. ഒരുതരം വര്‍ഗീയതയും കേരളത്തില്‍ നില നില്‍ക്കില്ല. കൊലീബി എന്ന പരസ്യ സഖ്യത്തെ നിലം തൊടാതെ നാടുകടത്തിയത് കേരളത്തിന്റെ മതേതര മനസ്സാണെന്നും പിണറായി പറഞ്ഞു