കാല്‍ നൂറ്റാണ്ടിന് ശേഷം വനിത; 25 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ലീഗ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അഴിമതിക്കേസില്‍ പ്രതിയായ വി.കെ. ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി. കമറുദീനേയും ഒഴിവാക്കി. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കി മകന്‍ വി.ഇ അബ്ദുള്‍ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കി.

1996-ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും. 1996-ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. കുന്നമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.

മലപ്പുറം ലോക്സഭ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്ക് അബ്ദുസമദ് സമദാനിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. മൂന്ന് ടേം എന്ന നിബന്ധന പാലിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം. ഇതില്‍ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, കെ.പി.എ. മജീദ് എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

മുന്‍ മന്ത്രി എം.കെ. മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്ന് മാറി ഇത്തവണ കൊടുവള്ളിയില്‍ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ തിരിച്ചുപിടിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് ലീഗ് കളത്തിലിറക്കിയത്. മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍നിന്ന് മാറി പഴയ തട്ടകമായ മങ്കടയില്‍ മത്സരിക്കും. പുനലൂര്‍, ചടയമംഗലം ഇതില്‍ ഏത് സീറ്റാണെന്ന് അറിഞ്ഞ ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയെയും പിന്നീട് തീരുമാനിക്കും.

സ്ഥാനാര്‍ഥികള്‍

1.മഞ്ചേശ്വരം- എം.കെ.എം. അഷ്‌റഫ്
2.കാസര്‍കോട്- എന്‍.എ. നെല്ലിക്കുന്ന്
3.അഴീക്കോട്- കെ.എം ഷാജി
4.കൂത്തുപറമ്പ്- പൊട്ടന്‍ങ്കണ്ടിഅബ്ദുള്ള
5.കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
6.കോഴിക്കോട് സൗത്ത്- നൂര്‍ബിന റഷീദ്
7.കുന്നമംഗലം- ദിനേശ് പെരുമണ്ണ
8.കൊടുവള്ളി- എം.കെ. മുനീര്‍
9.തിരുവമ്പാടി- സി.പി. ചെറിയമുഹമ്മദ്
10.കെണ്ടോട്ടി- ടി.വി. ഇബ്രാഹിം
11.ഏറനാട്- പി.കെ. ബഷീര്‍
12.മഞ്ചേരി- യു.എ. ലത്തീഫ്
13.പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
14.മങ്കട- മഞ്ഞളാംകുഴി അലി
15.മലപ്പുറം- പി. ഉബൈദുള്ള
16.വേങ്ങര- പി. കെ. കുഞ്ഞാലിക്കുട്ടി
17.വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ്
18.തിരൂരങ്ങാടി- കെ.പി.എ. മജീദ്
19.താനൂര്‍- പി. കെ. ഫിറോസ്
20.തിരൂര്‍- കുറുക്കോളി മൊയ്തീന്‍
21.കോട്ടയ്ക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
22.മണ്ണാര്‍ക്കാട്- എന്‍. ഷംസുദ്ദീന്‍
23.ഗുരുവായൂര്‍- കെ.എന്‍.എ. ഖാദര്‍
24.കളമശ്ശേരി- വി.ഇ. അബ്ദുള്‍ ഗഫൂര്‍
25.കോങ്ങാട്- യു.സി. രാമന്‍