അതിസമ്പന്ന ഇന്ത്യക്കാരില്‍ ഒന്നാമന്‍ അംബാനി; അദാനി രണ്ടാമത്

    ന്യൂഡല്‍ഹി: 2021ല്‍ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യണ്‍ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനിയും എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

    ഫോബ്‌സിന്റെ കണക്കു പ്രകാരം ഇവര്‍ മൂവരുടെയും ആസ്തി 100 ബില്യണ്‍ ഡോളറിന് മുകളില്‍ വരും. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 140 ആയി ഉയര്‍ന്നെന്ന് ഫോബ്‌സ് അറിയിച്ചു. ഇവരുടെയെല്ലാം ധനസമ്പത്ത് ചേര്‍ത്താല്‍ ഏതാണ്ട് 590 ബില്യണ്‍ ഡോളറിന്റെ മൂല്യമുണ്ടാകും, അത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടിയാണ്.
    ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി തന്റെ എണ്ണ, വാതക സാമ്രാജ്യങ്ങള്‍ വിപുലീകരിക്കുകയും ടെലികോം, റീടെയില്‍ മേഖലകളിലേക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്താണ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികളുടെ ആസ്തി 42 ബില്യണ്‍ ഡോളറാണ്. 2020 മുതല്‍ അദാനിയുടെ സമ്പത്ത് അഞ്ചിരട്ടിയായി വര്‍ധിച്ചെന്നാണ് ഫോബ്‌സ് പറയുന്നത്.
    കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരോഗ്യമേഖലയില്‍ നടത്തിയ നിക്ഷേപത്തിലൂടെ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച രണ്ടു സംരംഭകരുമുണ്ട്- സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസിന്റെ ദിലീപ് സാങ്‌വിയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്‌സീന്‍ നിര്‍മാതാക്കളാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്ഫഡുമായി ചേര്‍ന്ന് ഇവര്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന്‍ യുഎന്നിന്റെ കോവാക്‌സ് പദ്ധതിയിലൂടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. 12.7 ബില്യണ്‍ ഡോളറാണ് പുനാവാലയുടെ ആസ്തി. ഇവര്‍ക്കു പുറമേ കുമാര്‍ ബിര്‍ല, ഉദയ് കൊടാക്, ലക്ഷ്മി മിത്തല്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.