വോട്ടര്‍ എത്തുംമുന്‍പേ വോട്ട് പെട്ടിയില്‍

  ഒട്ടേറെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പരാതി. യഥാര്‍ഥ വോട്ടര്‍ക്കു പകരം മറ്റാരോ വോട്ട് ചെയ്തതായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ടെന്‍ഡേഡ് വോട്ട് അനുവദിച്ചു. ഈ വോട്ട് എണ്ണുകയില്ല. തിരഞ്ഞെടുപ്പു കേസുകളോ ഫലം സംബന്ധിച്ച തര്‍ക്കങ്ങളോ ഉണ്ടാകുമ്പോഴാണ് ഇതു പരിഗണിക്കുക.

  എറണാകുളം ജില്ലയില്‍ 5 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പരാതിയുയര്‍ന്നു. കളമശേരി മണ്ഡലത്തില്‍ കിഴക്കെ കടുങ്ങല്ലൂര്‍ എല്‍പി സ്‌കൂള്‍ ബൂത്തില്‍ അജയ് ജി.കൃഷ്ണ, കോതമംഗലം മണ്ഡലത്തിലെ വടാട്ടുപാറ പൊയ്ക സ്‌കൂള്‍ ബൂത്തില്‍ പഴയിടം സാറാമ്മ മത്തായി, ഇളമ്പ്ര എല്‍പി സ്‌കൂള്‍ ബൂത്തില്‍ പാണാട്ടില്‍ മുഹ്‌സിന, തൃപ്പൂണിത്തുറ മണ്ഡലത്തിലെ മാങ്കുളം തോമസ്, തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബൂത്തിലെ എസ്.പി. രാജേഷ് എന്നിവരുടെ വോട്ട് മറ്റാരോ ചെയ്തു. 5 പേരും ടെന്‍ഡേഡ് വോട്ട് ചെയ്തു.

  ഇടുക്കി ജില്ലയിലെ കുമളി പാറശ്ശേരില്‍ സമീരയുടെ വോട്ട് ബൂത്തിലെത്തുന്നതിനു മുന്‍പു മറ്റാരോ രേഖപ്പെടുത്തി. ഇടുക്കി നാരകക്കാനം അമ്പലത്തറ മേരി ജോസ് ടെന്‍ഡേഡ് വോട്ട് ചെയ്തു.

  മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മണ്ഡലത്തിലെ മുണ്ടക്കോടന്‍ ചന്ദ്രിക, തിരൂര്‍ മണ്ഡലത്തിലെ വെട്ടം വാക്കാട് ബൂത്തിലെ ഇബ്രാഹിമിന്റെ പുരയ്ക്കല്‍ ബഷീര്‍, തവനൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുളങ്ങര വീട്ടില്‍ ആയിഷ താഹിറ എന്നിവരും ടെന്‍ഡേഡ് വോട്ട് ചെയ്തു.

  കോട്ടയം ചാന്നാനിക്കാട് താമരശേരില്‍ ദേവീ വനത്തില്‍ സജീവ് ചന്ദ്രന്റെ മകള്‍ മേഘ്‌ന എസ്. ചന്ദ്രന്റെ വോട്ട് മറ്റാരോ ചെയ്തു. അടൂര്‍ ആനന്ദപ്പള്ളി സ്വദേശി കെ. സ്മിത ടെന്‍ഡേഡ് വോട്ട് ചെയ്തു.

  തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ നേമം ഗവ യുപിഎസ് 130-ാം ബൂത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ വോട്ട് മറ്റൊരാള്‍ ചെയ്തു. കണ്ണാന്തുറ എല്‍പി സ്‌കൂള്‍ ബൂത്തിലെ വോട്ടറായ ശംഖുമുഖം സ്വദേശി അല്‍ഫോന്‍സ, തിരുവനന്തപുരം പേട്ട സ്വദേശി രവീന്ദ്രന്‍ നായര്‍ എന്നിവരുടെ വോട്ടും മറ്റാരോ ചെയ്തു. തുടര്‍ന്നു ടെന്‍ഡേഡ് വോട്ട് ചെയ്തു.

  മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 3 പേര്‍ക്കു ടെന്‍ഡ!!േഡ് വോട്ട് അനുവദിച്ചു. കോങ്ങാട് മണ്ഡലത്തിലെ 4 വോട്ടര്‍മാര്‍ക്ക് ടെന്‍ഡേഡ് വോട്ട് അനുവദിച്ചു.

  കൊല്ലം മണ്ഡലത്തില്‍ മങ്ങാട് സ്‌കൂള്‍ ബൂത്തിലെ വോട്ടറായ കല്ലുപുര വീട്ടില്‍ മേരിക്കുട്ടി(40)യുടെ വോട്ട് മറ്റാരോ ചെയ്തു.മേരിക്കുട്ടി ടെന്‍ഡേഡ് വോട്ട് ചെയ്തു.

  കണ്ണൂര്‍ താഴെ ചൊവ്വ എല്‍പി സ്‌കൂളില്‍ കെ.ശശിധരന്‍ എന്ന വോട്ടറുടെ വോട്ട് ശശിധരന്‍ കിരിയേടത്ത് (63) എന്നയാള്‍ ചെയ്തത് ആശയക്കുഴപ്പമുണ്ടാക്കി. അബദ്ധം പറ്റിയതാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ശശിധരന്‍ കിരിയേടത്തിനെതിരെ കേസെടുത്തു. തളിപ്പറമ്പ് മോറാഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ പോളിങ് ഉദ്യോഗസ്ഥര്‍ കേസെടുക്കാതെ തിരിച്ചയച്ചതില്‍ പരാതി. സിപിഎം പ്രവര്‍ത്തകനെയാണു തിരിച്ചയച്ചത്.

  കൊയിലാണ്ടി മണ്ഡലത്തിലെ പയ്യോളി നഗരസഭയിലെ കുഴിച്ചാലില്‍ സീനത്ത്, തിക്കോടി പഞ്ചായത്തിലെ തൃക്കോട്ടൂര്‍ വെസ്റ്റ് ഉതിരുപറമ്പില്‍ മുനീറ, നാദാപുരം മണ്ഡലത്തിലെ വോട്ടറായ കുനിയില്‍ ആയിഷ, ബാലുശ്ശേരി മണ്ഡലത്തിലെ വോട്ടറായ വയലില്‍ സൈനബ, കുന്നമംഗലം മണ്ഡലത്തിലെ പന്തീരങ്കാവ് യുപി സ്‌കൂള്‍ ബൂത്തിലെ വോട്ടറായ പി.ടി.വസന്തകുമാര്‍ എന്നിവരുടെ വോട്ടും മറ്റാരോ ചെയ്തു. 5 പേരും ടെന്‍ഡേഡ് വോട്ട് ചെയതു.

  നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ