5 വയസ്സുകാരി ലൈംഗിക പീഡനത്തിനും ഇര; ക്രൂരമര്‍ദനം, കൊലപാതകം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സിന്റെ (23) അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ച പകല്‍ കസ്റ്റഡിലെടുത്ത ഇയാള്‍ രാത്രി വൈകി പൊലീസ് സ്റ്റേഷനില്‍നിന്ന് വിലങ്ങുമായി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്നു പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ കുമ്പഴ തുണ്ടുമണ്‍കരയിലെ ചതുപ്പുനിലത്തില്‍ നിന്ന് പിടികൂടി.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും ക്രൂരമര്‍ദനത്തിന് ഇരയായെന്നും കണ്ടെത്തി. മുന്‍പ് പലപ്പോഴും കുട്ടി ഇയാളുടെ ക്രൂരമര്‍ദനത്തിന് ഇരയായിട്ടുള്ളതായി പൊലീസ് പറഞ്ഞു.

കുമ്പഴയിലെ വാടകവീട്ടിലാണ് തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്പതികള്‍ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളില്‍ മൂത്തയാളായ അഞ്ചു വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. ഇളയ കുട്ടി തമിഴ്‌നാട്ടിലാണ്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വീട്ടുജോലിക്കു പോയി മടങ്ങിയെത്തിയപ്പോള്‍ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടു. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കു പോയത്. പെണ്‍കുട്ടിയെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജോലിക്കൊന്നും പോകാതെ മദ്യപിച്ചു വീട്ടില്‍ കഴിയുന്നതാണ് പ്രതിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. കുമ്പഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാള്‍ പൊലീസ് വാഹനത്തില്‍ നിന്നു പുറത്തു ചാടിയെങ്കിലും കീഴ്‌പ്പെടുത്തി. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ലഹരിയുടെ പിടിയിലായിരുന്നതിനാല്‍ രാത്രി വൈകിയാണ് വിശദമായി ചോദ്യം ചെയ്തത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ