പാനൂര്‍ കൊലപാതകം; പ്രതി ഷിനോസിനെ റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷിനോസിനെ  തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.  െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് കേസിന്റെ അന്വേഷണ ചുമതല.

കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്. കേസില്‍ 25 പ്രതികള്‍ ഉണ്ട്. ഒന്ന് മുതല്‍ 11 പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. കണ്ടാലറിയാവുന്ന പതിനാലു പേര്‍ക്കും കൊലപാതകവുമായി ബന്ധമുണ്ട്. ബേംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള് കൊണ്ട് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകക്കേസിന്റെ മുഖ്യ സൂത്രധാകരനായ പാനൂര്‍ മേഖല ഡിവൈഎഫ്‌ഐ ട്രഷറര്‍  സുഹൈല്‍ ഉള്‍പ്പെടെയുള്ള 12 പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

ഇന്നലെ വിലാപയാത്ര കടന്നുപോകുന്ന സമയത്ത് സിപിഎം ഓഫീസുകള്‍ക്ക് തീയിട്ട സംഭവത്തില്‍ 24 മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഇരുപതിലേറെ വാഹനങ്ങളും പിടിച്ചെടുത്തു. പൊലീസ് സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ലീഗ് പ്രവര്‍ത്തകര്‍ കോടതിയല്‍ കൊണ്ടുപോകവെ ആരോപിച്ചു.