കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ ഹരീഷ് ശിവരാമകൃഷ്ണൻ സംഗീതനിശ ഇന്ന് (ഏപ്രിൽ 10, ശനി)

തിരുവനന്തപുരം: കർണാടകസംഗീത റോക്ക് രംഗത്തെ ജനപ്രിയഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഒരുക്കുന്ന സംഗീതനിശ കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ. ഇന്ന് (ഏപ്രിൽ 10ശനിയാഴ്ച) രാത്രി 8-നു വില്ലേജിലെ തുറന്ന വേദിയായ ‘മേള കോർട്ടിൽ’ ആണ് ‘അഗം’ ബാൻഡിലൂടെ സംഗീതപ്രേമികളുടെ പ്രീതി നേടിയ ഹരീഷിന്റെ സംഗീതനിശ.

അതിനുമുമ്പ് അരങ്ങുണർത്തി ‘അയ്ന്തിണൈ’ ബാൻഡ് അതേ വേദിയെ സംഗീതസാന്ദ്രമാക്കും. അടുത്തിടെ അരങ്ങേറ്റം കുറിച്ച അയ്ന്തിണൈയുടെ ഒരു മണിക്കൂർ പ്രകടനം രാത്രി 7-ന് ആരംഭിക്കും. കോവിഡ് – 19 പ്രോട്ടോക്കോൾ അനുസരിച്ചു പരിപാടിയിൽ പങ്കെടുക്കാൻ സംഗീതപ്രേമികൾ വൈകുന്നേരം 6 മണിയോടെ ക്രാഫ്റ്റ് വില്ലേജിൽ എത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ബുക്ക്മൈഷോ, പേടിഎം ഇൻസൈഡർ എന്നിവയിൽ ലഭ്യമാക്കിയ ടിക്കറ്റുകളിൽ നല്ലപങ്കും ഒരു പ്രചാരണവും കൂടാതെതന്നെ വിറ്റുപോയി! ക്രാഫ്റ്റ് വില്ലേജിൽനിന്നു നേരിട്ടും ധാരാളം‌പേർ റിസർവ്വ് ചെയ്തിട്ടുണ്ട്.

തുടർച്ചയായ കലാസാംസ്ക്കാരികപരിപാടികളിലൂടെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് വിനോദസഞ്ചാരികൾക്കും നഗരത്തിലെ കലാപ്രേമികൾക്കും പ്രിയപ്പെട്ട വേദിയായി വളരെവേഗം മാറുകയാണ്. പ്രമുഖ കലാകാരികൾ നയിച്ച കലാസന്ധ്യകൾ കോർത്തിണക്കി ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിച്ച വനിതാവാരാഘോഷം ‘വൗ’ (വേൾഡ് ഓഫ് വിമൻ) ഏറെ ശ്രദ്ധ നേടി. വില്ലേജിലെ ആർട്ട് ഗാലറിയിൽ ‘ഓവിയം’ എന്ന പേരിൽ രുക്കിയ ഒരു മാസം നീണ്ട ചിത്രകലാപ്രദർശനവും ശ്രദ്ധേയമായി. വിവിധ സാംസ്ക്കാരികസംഘടനകളും ക്രാഫ്റ്റ് വില്ലേജിലെ ഇൻഡോർ, ഓപ്പൺ എയർ ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ സംഘടിപ്പുക്കുന്നുണ്ട്.

കേരളത്തിലെ കരകൗശല വസ്തുക്കളുടെയും കലാരൂപങ്ങളുടെയും സംഗമകേന്ദ്രമായിട്ടാണ് ക്രാഫ്റ്റ് വില്ലേജ് രൂപകല്പന ചെയ്തിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് വില്ലേജിനെ ലോകോത്തരനിലവാരത്തിൽ പുതുക്കിപ്പണിതത്. വില്ലേജിൽ 28 സ്റ്റുഡിയോകളിലായി 50-ഓളം കലാ-കരകൗശലയിനങ്ങളുടെ പ്രദർശന-വിപണനം ഉണ്ട്. തിങ്കളാഴ്ചയാണ് അവധി. മറ്റുദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കും.