സോളാര്‍ കേസില്‍ 1.20 കോടി, സെന്‍കുമാറിന് 19 ലക്ഷം… പിണറായി സര്‍ക്കാര്‍ വക്കീല്‍ ഫീസ് നല്‍കിയതിന്റെ കണക്കുകള്‍ ഇങ്ങനെ

കൊച്ചി:സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേസുകള്‍ക്കായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 17.87 കോടി രൂപ. വ്യക്തമായി പറഞ്ഞാല്‍ 17,86,89,823 രൂപ.നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഇത്. സാധാരണ ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്തതുള്‍പ്പടെയുള്ള കേസുകള്‍ വാദിക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ ഈടാക്കുന്ന വക്കീലന്മാരെയാണ് പുറത്തുനിന്ന് കൊണ്ടുവന്നത്. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജി, കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സുപ്രീംകോടതിയില്‍ നടത്തിയ നിയമപോരാട്ടം,സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കുന്നതിനെതിരായ കേസ് തുടങ്ങിയവയ്ക്കാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കിയത്.

ലൈഫ് മിഷന്‍, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ എടുത്ത സംഭവം, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകള്‍ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കിയ പ്രതിഫലം പുറത്തുവന്ന കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൂടി പുറത്തുവരുമ്പോള്‍ കോടികളുടെ എണ്ണം ഇനിയും കൂടും.അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള 137 സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാന്‍ ഒരുമാസം ചെലവാക്കുന്നത് 1.54 കോടി രൂപയാണ്.

സോളാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാനാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്. 1.20 കോടിരൂപയായിരുന്നു ഈ കേസില്‍ വക്കീല്‍ ഫീസായി കൊടുത്തത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഉള്‍പ്പടെയുള്ളവരാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായത്. കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിര്‍ക്കാനുള്ള നിയമപോരാട്ടങ്ങള്‍ക്കായി 98.81 ലക്ഷം രൂപ ചെലവാക്കിയപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 20.90 ലക്ഷം രൂപയാണ് ചെലവാക്കിയത്. സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കുന്നതിനെതിരായ കേസ് നടത്താന്‍ 19 ലക്ഷം രൂപ ചെലവഴിച്ചു.