രാജി ധാര്‍മികതയുടെ അടയാളമെന്ന് സി.പി.എം; ഗതികെട്ടെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവച്ചത് ധാര്‍മികതയുടെ അടിസ്ഥാനത്തിലാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ പറഞ്ഞു. ഉചിതമായ തീരുമാനമാണ് മന്ത്രിയുടേത്. രാജിയെ സ്വാഗതം ചെയ്യുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

എന്നാല്‍ കെ.ടി.ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.  ഒരു ധാര്‍മ്മികതയും അതില്‍ ഇല്ല.  എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന് എല്ലായിടത്തു നിന്നും ചോദ്യമുയര്‍ന്നപ്പോഴെല്ലാം ജലീലിനെ രക്ഷിക്കാനാണ് സിപിഎം ശ്രമിച്ചിരുന്നത്. അതിനു സാധിക്കാതെ വന്നപ്പോഴാണ് ഗതികെട്ട് രാജിവയ്ക്കേണ്ടി വന്നെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജലീലിനു ധാര്‍മികതയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലന്ന പ്രസ്താവനയുമായി രംഗത്ത് എത്തി. ജലീലിന്റെ രാജിയില്‍ ഇല്ലാത്ത ധാര്‍മ്മികത ആരോപിക്കുന്ന സിപിഎം , ബന്ധു നിയമന ഉത്തരവില്‍ ഒപ്പിട്ട മുഖ്യമന്ത്രിയുടെ ധാര്‍മ്മികതയെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കെ പി സിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.