തിരുവനന്തപുരം: കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത് ധാര്‍മികതയുടെ പേരിലല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യംമുതലേ സി പി എമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തയുടെ എതിര്‍പരാമര്‍ശത്തെത്തുടര്‍ന്ന് കെ.ടി. ജലീല്‍ മന്ത്രിസ്ഥാനംരാജിവച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
‘ജനങ്ങളുടെ വികാരം എതിരാണെന്നും പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നും ബോദ്ധ്യപ്പെട്ടപ്പോഴാണ് രാജിവച്ചത്. അതിന് പ്രതിപക്ഷത്തെയോ മാദ്ധ്യമങ്ങളെയാേ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ധാര്‍മികത പ്രസംഗിക്കാന്‍ സിപിഎമ്മിന് ഒരു അധികാരവുമില്ല.ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്’- ചെന്നിത്തല കുറ്റപ്പെടുത്തി.
‘കേരള ചരിത്രത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ മാത്രമേ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവച്ചിട്ടുള്ളൂ. കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ കെ കരുണാകരന്‍ രാജിവച്ചു,കെ പി വിശ്വനാഥന്‍ രാജിവച്ചു, എം പി ഗംഗാധരന്‍ രാജിവച്ചു. മൂന്ന് നാല് ദിവസം രക്ഷപ്പെടാനുള്ള എല്ലാ പഴുതും നോക്കി. അവസാനം ഒരുവഴിയും ഇല്ലെന്ന് കണ്ടപ്പോഴാണ് ജലീലിന് രാജിവയ്‌ക്കേണ്ടിവന്നത്. അതില്‍ എന്ത് ധാര്‍മികതയാണ് ഉള്ളത്. തുടക്കം മുതല്‍ ഈ മന്ത്രി നിമയവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. ഇതെല്ലാം പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ്. അപ്പോഴെല്ലാം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് രാജിവയ്പ്പിച്ചത്. ഇത് ജനങ്ങള്‍ക്കെല്ലാം അറിയാം. അതിനാല്‍ ധാര്‍മികതയുടെ കാര്യം ചൂണ്ടിക്കാട്ടിയാല്‍ അത് വിലപ്പോകില്ല. ഇതുകൊണ്ട് അവസാനിക്കുന്നില്ല. മന്ത്രി ഭാവിയില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി കൂടി നേരിടേണ്ടിവരും’- പ്രതിപക്ഷ നേതാവ് പറഞ്ഞു.