‘മന്ത്രിക്കെതിരായ പരാതി പിൻവലിക്കില്ല, ജീവന് ഭീഷണിയുണ്ട്, കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’: പരാതിക്കാരി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ല. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. കേസ് എടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകും. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായ വേർതിരിവ് പറഞ്ഞാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തനിക്കും കുടുംബത്തിനും ജീവനുഭീഷണിയുണ്ട്. ഭർത്താവിനെ മന്ത്രി പിരിച്ചുവിട്ടത് ജാതീയമായ ദുരഭിമാനം മൂലമാണ്. മാസങ്ങളായി മന്ത്രി പരസ്യമായി അപമാനിക്കുന്നു. പൊലീസ് കേസ് എടുക്കാത്തത് സമ്മർദം മൂലമാണ്. തനിക്കും ഭർത്താവിനും പിന്നിൽ ‘രാഷ്ട്രീയ ക്രിമിനലുകൾ’ ഇല്ലെന്നും യുവതി കൂട്ടിച്ചേർത്തു.

വോട്ടെടുപ്പിന് പിന്നാലെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പഴ്സനല്‍ സ്റ്റാഫ് അംഗത്തെ മാറ്റിയതിനെക്കുറിച്ചുള്ള വിശദീകരണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചും മന്ത്രി പ്രതികരിച്ചതാണ് വിവാദത്തിലെ തുടക്കം. ഇത് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി അമ്പലപ്പുഴ പൊലീസില്‍ പരാതി നൽകിയത്.