ഇ.ഡി. അന്വേഷണത്തിനെതിരെ എസ്.എന്‍.സി. ലാവ്ലിന്‍ ഹൈക്കോടതിയില്‍

    കൊച്ചി:  ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇ.ഡി. അന്വേഷണത്തിനെതിരേ എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനി ഹൈക്കോടതിയില്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ലാവ്ലിന്‍ കരാറിന് ബാധകമാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്.

    നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള കരാറാണ് തങ്ങളുമായുള്ളതെന്നാണ് എസ്.എന്‍.സി. ലാവ്ലിന്റെ വാദം. അതിനാല്‍ ഇ.ഡി. അന്വേഷണം ബാധകമാകില്ലെന്നും ലാവ്ലിന്‍ കരാര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തങ്ങള്‍ പ്രതികളല്ലെന്നും കമ്പനി പറയുന്നു.

    കഴിഞ്ഞ ദിവസമാണ് ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനിക്ക് ഇ.ഡി. നോട്ടീസ് നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു ഇ.ഡി. നോട്ടീസ് അയച്ചത്.