കന്യാകുമാരിയിൽനിന്നു മീൻ പിടിക്കാൻ പോയ ബോട്ട് അപകടത്തിൽപെട്ടു; 11 പേരെ കാണാതായി

    മംഗളൂരു: കന്യാകുമാരിയില്‍നിന്നു മീന്‍ പിടിക്കാന്‍ പോയ ബോട്ട് അപകടത്തില്‍പെട്ട് 11 മത്സ്യത്തൊഴിലാളികളെ കാണാതായി. ഗോവ തീരത്തുനിന്ന് 600 നോട്ടിക്കല്‍ മൈല്‍ (1100 കിലോമീറ്റര്‍) അകലെ ഒമാനു സമീപം അറബിക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് അപകടം. അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. കപ്പലിടിച്ച് ബോട്ട് തകര്‍ന്നതായാണു സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

    കന്യാകുമാരിയിലെ ജോസഫ് ഫ്രാങ്ക്‌ലിന്റെ ഉടമസ്ഥതയില്‍ ഐഎന്‍ഡി-ടിഎന്‍-15-എംഎം-4775 നമ്പര്‍ മെഴ്‌സിഡസ് എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. വള്ളവിളൈ സ്വദേശികളായ ജോസഫ് ഫ്രാങ്ക്‌ലിന്‍(47), ഫ്രെഡി(42), യേശുദാസന്‍(42), ജോണ്‍(20), സുരേഷ്(44), ജെബീഷ്(18), വിജീഷ്(20), ജനിസ്റ്റണ്‍(20), ജഗന്‍(29), സ്റ്ററിക്, മെല്‍വിന്‍(20) എന്നിവരാണു ബോട്ടില്‍ ഉണ്ടായിരുന്നത്.