മില്‍മ ജീവനക്കാര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ അനുവദിക്കണം – മില്‍മ ചെയര്‍മാന്‍

തിരുവനന്തപുരം: ആവശ്യ സര്‍വീസായി പ്രഖ്യാപിച്ചിട്ടുളള മില്‍മയിലെ ജീവനക്കാര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് അനുവദിക്കണമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ മാസ്റ്റര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് 19 വ്യാപനത്തിന്‍റെ ആരംഭഘട്ടം മുതല്‍ സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തിലും മില്‍മയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പാല്‍ സംഭരണ, സംസ്ക്കരണ, വിതരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മില്‍മയിലെയും മില്‍മയുടെ കീഴിലുളള മൂന്ന് മേഖലാ യൂണിയനുകളിലെയും മൂവായിരത്തില്‍പരം ജീവനക്കാര്‍ കോവിഡ് 19 വ്യാപനത്തിന്‍റെ ഭീതിയിലാണ് ജോലി ചെയ്യുന്നത്. ഈ ആശങ്ക മറികടക്കാനും മില്‍മയുടെ പ്രവര്‍ത്തനം മുടക്കം കൂടാതെ തുടരുന്നതിനും ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി എല്ലാ ജീവനക്കാര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് അനുവദിക്കണമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ.ഷൈലജ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

18 മുതല്‍ 58 വരെ പ്രായത്തിലുളള ജീവനക്കാരാണ് ഫെഡറേഷന്‍റെയും മൂന്ന് മേഖലാ യൂണിയനുകളിലേയും 20 ഓളം യൂണിറ്റുകളിലായി പല ഷിഫ്റ്റുകളില്‍ 24 മണിക്കുറൂം ജോലി ചെയ്യുന്നത്. ഓരോരുത്തരായി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ എടുക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഓരോ യൂണിറ്റിലെയും ജീവനക്കാര്‍ക്ക് അതാത് യൂണിറ്റുകളില്‍ ഒരുമിച്ച് വാക്സിനേഷന്‍ നല്‍കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനാവശ്യമായ മുഴുവന്‍ ചെലവും മില്‍മയും മേഖലാ യൂണിയനുകളും വഹിക്കാന്‍ തയ്യാറാണ്. ഇതോടൊപ്പം കേരളത്തിലെ എല്ലാ ക്ഷീരസംഘം ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനുളള സൗകര്യം ഒരുക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

കേരളത്തിലെ 3500 ല്‍ പരം വരുന്ന പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ വഴി പ്രതിദിനം 14 ലക്ഷത്തിലധികം പാല്‍ സംഭരിച്ച് പാലും പാല്‍ ഉല്‍പ്പന്നങ്ങളുമായി ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സഹകരണ പ്രസ്ഥാനമാണ് മില്‍മ.