തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ചൊവ്വ മുതല്‍ ഞായര്‍വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാവും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതല്‍ ഞായര്‍വരെ ഏര്‍പ്പെടുത്താനാണ് നീക്കം. ആവശ്യമുള്ള കടകള്‍ മാത്രം ഈ ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കും. ഡോര്‍ ഡെലിവറി സംവിധാനം കടകള്‍ ഒരുക്കണം. ജനജീവിതം സ്തംഭിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. അതേസമയം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും അനാവശ്യ സഞ്ചാരവും നിയന്ത്രിക്കും. ഈ ദിവസങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാണോ എന്ന് നിരീകഷിച്ചശേഷം കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അതിലേക്ക് പോകും. സര്‍ക്കാര്‍ ഓഫീസുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമോ എന്ന് പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീരിയല്‍ ഷൂട്ടിങ് തല്‍ക്കാലം നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്‌ക് ധരിക്കണം. സാധ്യമെങ്കില്‍ കൈയുറയും ഉപയോഗിക്കണം. സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സാപ്പിലോ നല്‍കിയാല്‍ അവ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കണം. ഇക്കര്യത്തില്‍ മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം പ്രയോജനപ്പെടുത്തണം.
കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും ഓക്സിജന്‍ വാര്‍ റൂമുകള്‍ ഉടന്‍ ആരംഭിക്കും. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ നിലവിലുള്ള സമിതിക്ക് പുറമെയാണിത്. പോലീസ്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാവും കോവിഡ് വാര്‍ റൂമുകള്‍. ഓരോ ജില്ലയിലെയും ഓക്സിജന്‍ ലഭ്യതയുടെ കണക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശേഖരിക്കും. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ആഭ്യന്തര – ആരോഗ്യ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വ്യവസായ സെക്രട്ടറിയെക്കൂടി ഉള്‍പ്പെടുത്തും.
 
            


























 
				
















