ബംഗാളില്‍ തൃണമുല്‍ തരംഗം, തമിഴ്നാട്ടില്‍ ഡിഎംകെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക്: അസം നിലനിര്‍ത്തി ബിജെപി

    ചെന്നൈ/ന്യൂഡല്‍ഹി: ബംഗാള്‍ പിടിച്ചെടുക്കാമെന്ന ബിജെപിയുടെ അമിതാഗ്രഹത്തിന് തിരിച്ചടി നല്‍കി തൃണമുല്‍ കോണ്‍ഗ്രസ്. ബംഗാളില്‍ 294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമുല്‍ കോണ്‍ഗ്രസിന് 213 സീറ്റുകളില്‍ ലീഡ്.

    സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമുല്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് തൃണമുല്‍ മുന്നേറുന്നത്. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് നിലവില്‍ ഒരു സീറ്റിലും ലീഡില്ല. ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി പ്രചരണം നയിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്തില്‍ തൃണമുല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനര്‍ജിയും തൃണമുലും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി 76 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

    അതേസമയം തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലേയും ലീഡുനില പുറത്തുവരുമ്പോള്‍ ഡിഎംകെ മുന്നണി 144 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 88 സീറ്റിലും ലീഡ് ചെയ്യുന്നു. 118 സീറ്റുകളശാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

    ഡിഎംകെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പിടിച്ചേക്കും എന്നാണ് സൂചന. ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ച ഘടകകക്ഷികളെ കൂടി പരിഗണിച്ചാല്‍ പാര്‍ട്ടിയുടെ ലീഡ് നില 120 കടന്നു. കമല്‍ഹാസന്റെ എംഎന്‍എം ഒരു സീറ്റില്‍ മുന്നിലാണ്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഡിഎംക അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്‍ എന്നിവര്‍ ലീഡ് ചെയ്യുകയാണ്. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂരില്‍ മുന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു തൗസന്റ് ലൈറ്റ്സില്‍ പിന്നിലായി. കോണ്‍ഗ്രസ് 16 സീറ്റിലും സിപിഎമ്മും സിപിഐയും രണ്ട് സീറ്റിലും വീതം ലീഡ് ചെയ്യുകയാണ്.

    ബംഗാളിലും തമിഴ്നാട്ടിലും കനത്ത തിരിച്ചടി നേരിട്ടുവെങ്കിലും അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തി. ബിജെപി 76 സീറ്റുകളില്‍ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് ആവശ്യം.