ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ജൂണ്‍ മുതല്‍ എല്ലാ ആശുപത്രികളിലും ലഭ്യമാകും

    ന്യൂഡല്‍ഹി: ഡിആര്‍ഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പുറത്തിറക്കിയിരുന്നു.

    ആദ്യ ഘട്ടത്തില്‍ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികള്‍, ഡിആര്‍ഡിഒ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നും ജൂണ്‍ മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി.സതീഷ് റെഡ്ഡി പറഞ്ഞു.

    ഉത്പാദനം നടന്നുവരികയാണ്. രണ്ടാം ബാച്ച് മരുന്ന് മെയ് അവസാനത്തോടെ എത്തും. ജൂണ്‍ ആദ്യം മുതല്‍ തന്നെ സ്ഥിരമായ ഉത്പാദനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    രണ്ടാം ബാച്ചില്‍ ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കും. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ശേഷം പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും സാധാരാണ ഉത്പാദനശേഷിയിലെത്താന്‍ ഒരു മാസത്തോളം എടുക്കുമെന്നും ഡിആര്‍ഡിഎ മേധാവി പറഞ്ഞു.
    കോവിഡ് രണ്ടാം തരംഗത്തിനെതിരായുള്ള പോരാട്ട ശ്രമങ്ങളെ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു                                                                              

    രാജ്യത്തെ നിലവിലെ കോവിഡ്-19 സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം, മൂന്ന് സർവീസുകൾ, ഡിആർഡിഒ, മറ്റ് പ്രതിരോധ സംഘടനകൾ എന്നിവ നടത്തുന്ന ശ്രമങ്ങളെ രക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. 2021, മെയ് 17 നു വീഡിയോ കോൺഫെറെൻസിങ്ങിലൂടെയായിരുന്നു യോഗം.

    യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, മൂന്ന് സർവീസ് മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

    വിവിധ സംസ്ഥാനങ്ങളിൽ ഡി‌ആർ‌ഡി‌ഒ സ്ഥാപിക്കുന്ന പ്രത്യേക കോവിഡ് ആശുപത്രികൾ, സൈനിക ആശുപത്രികളിൽ അധിക ആശുപത്രി കിടക്കകൾ സൃഷ്ടിക്കൽ, പി‌എം കെയേഴ്സ് ഫണ്ടിനു കീഴിലുള്ള പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (പി‌എസ്‌എ) ഓക്സിജൻ പ്ലാന്റുകൾ വിതരണം ചെയ്യുക, നിലവിലെ ആവശ്യം പരിഗണിച്ച്‌ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും എണ്ണം ഉയർത്തുക എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യോഗം.

    മെഡിക്കൽ ഓക്സിജൻ കണ്ടെയ്നറുകൾ, മറ്റ് ആരോഗ്യ ഉപകരണങ്ങൾ എന്നിവ വിദേശത്ത് നിന്ന് എത്തിക്കുന്നതിന് ഇന്ത്യൻ നാവിക കപ്പലുകൾ നൽകുന്ന ലോജിസ്റ്റിക് പിന്തുണയും യോഗത്തിൽ എടുത്തുപറഞ്ഞു. ആരോഗ്യ ഉപകരണങ്ങൾ എത്തിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തും വ്യോമസേനാ നടത്തിയ 990 യാത്രകളും യോഗത്തിൽ ഊന്നി പറഞ്ഞു.