എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ കൈവിലങ്ങുകള്‍ കരുതാന്‍ കമ്പനി തീരുമാനം. ദിവസങ്ങള്‍ക്കിടയില്‍ രണ്ട് വനിതകള്‍ വിമാനത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സന്ദര്‍ഭങ്ങളില്‍ കൈവിലങ്ങുകള്‍ പ്രയോഗിക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.
രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങള്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കും. രണ്ടു സെറ്റ് കൈവിലങ്ങുകളാവും സൂക്ഷിക്കുക.
ഡിസംബര്‍ 21നു മുംബൈയില്‍നിന്നു യുഎസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെ സഹയാത്രികന്‍ കടന്നുപിടിച്ചിരുന്നു. ജനുവരി രണ്ടിനു മസ്‌കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസിനുനേരെയും ലൈംഗികാതിക്രമം ഉണ്ടായി. ഇതോടെയാണു കടുത്ത നടപടികളിലേക്ക് എയര്‍ ഇന്ത്യ കടക്കുന്നത്.














































