മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിദേശവനിത ഉടുതുണിയില്ലാതെ ഹോട്ടല്‍ ലോബിയിലൂടെ ഓടി.
ഹോട്ടല്‍ ഫര്‍ണിച്ചറും മറ്റും അടിച്ചു തകര്‍ത്തു.
നൂല്‍ബന്ധമില്ലാതെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിപ്പോയി.
പോലീസിനെയും ആക്രമിച്ചു.
പ്രിയദര്‍ശന്റെ കിലുക്കം സിനിമയില്‍ രേവതി അഭിനയിച്ച നന്ദിനി തമ്പുരാട്ടിയെ ഓര്‍മ്മിപ്പിക്കുന്ന സീനുകള്‍ ഇക്കഴിഞ്ഞ ദിവസം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തെ ഹോട്ടലിലും അരങ്ങേറി. ടൂര്‍ ഗൈഡായി വന്ന മോഹന്‍ലാലിന്റെ കഥാപാത്രമായ ജോജിയെ വട്ടംചുറ്റിച്ച അങ്കമാലി പ്രധാനമന്ത്രിയുടെ അനന്തിരവളുടെതിനു സമാനമായ പ്രകടനങ്ങളാണ് ഓസ്ട്രിയന്‍ സ്വദേശിയായ മോണിക്കയെന്ന 70-കാരി തിരൂരിലെ സാമണ് ഹോട്ടലില്‍ നടത്തിയത്. ഹോട്ടലില്‍ താമസിക്കാന്‍ മുറിയെടുത്ത ഇവര്‍ നടത്തിയ പരാക്രമങ്ങള്‍ നന്ദിനി തമ്പുരാട്ടിയുടേതിനേക്കാളും ബഹുകേമം.
ഉടുതുണിയില്ലാതെ ഹോട്ടലിന്റെ ലോബിയിലൂടെ ഓടി നടക്കുകയും കൈയില്‍ കിട്ടിയതും കണ്ണില്‍ കണ്ടതുമെല്ലാം എറിഞ്ഞുടക്കുകയുമായിരുന്നു മോണിക്കയുടെ പരിപാടി. അല്പവസ്ത്രധാരിയായി ഹോട്ടലിന് പുറത്തേക്ക് ഓടിയ ഇവര്‍ റോഡിലും ഈ പ്രകടനങ്ങള്‍ ആവര്‍ത്തിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് പോലീസ് സഹായം തേടിയെങ്കിലും വളരെ പാടുപ്പെട്ടാണ് ഇവരെ കീഴടക്കിയത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഹോട്ടലില്‍ നിന്നിറങ്ങി ഓടിയത്. തിരൂര്‍ എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബിസ്ക്കറ്റും വെള്ളക്കുപ്പിയുമൊക്കെ എസ്.ഐയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ ആശുപത്രിയിലെത്തിച്ചു. ചികിത്സക്കൊടുവില്‍ നോര്‍മല്‍ ആവുകയും ചെയ്തു. ലഹരി തലയ്ക്ക് പിടിച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിദേശത്ത് നിന്ന് ഒരു സംഘത്തോടൊപ്പമാണ് ഇവര്‍ ഗോവയിലെത്തിയത്. പിന്നീട് ഇവര്‍ ഒരു മലയാളിക്കൊപ്പമാണ് തിരൂരിലെത്തിയത്. അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പോലീസാണ് മോണിക്കയ്ക്ക് സാംമന് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത്. മുറിയിലെ ഫര്‍ണിച്ചറും ജനല്‍ച്ചില്ലുകളും ഇവര്‍ തകര്‍ത്തിട്ടുണ്ട്. താമസിച്ചിരുന്ന മുറിയില്‍ ഉടുതുണിയില്ലാതെ ഇവരെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒടുവില്‍ നഷ്ടപരിഹാരമായി ഇവര്‍ 2000 രൂപ മാനേജ്മെന്റിന് നല്കി. പിന്നീട് പോലീസ് ഇവരെ എറണാകുളത്തേക്ക് വണ്ടി കയറ്റി വിട്ടു.
 
            


























 
				





















