ഷൂട്ടിംഗിനിടെ ഫഹദും നമിതയും കടലില്‍ അപകടത്തില്‍പ്പെട്ടു

പനാജി: കടലിലെ ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലും നമിതാപ്രമോദും അപകടത്തില്‍പ്പെട്ടു. പരിക്കുകളില്ലാതെ ഇരുവരെയും ലൈഫ്ഗാര്‍ഡ്സ് രക്ഷപെടുത്തി. നമിത ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റാഫിയുടെ റോള്‍ മോഡല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വാട്ടര്‍ അഡ്വഞ്ചര്‍ സ്പോട്സ് ട്രെയിനറായാണ് നമിത ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫഹദിനെ പരിശീലിപ്പിക്കുന്നതിനായി ജെറ്റ് സ്‌കൈയില്‍ കടലിലേക്ക് കൊണ്ടു പോയി ഇതിനിടെ തിരമാല ശക്തമായി അടിച്ചു. ഇരുവരും രണ്ട് ഭാഗത്തായി വീണു. ലൈഫ് ഗാര്‍ഡ് ഇത് കണ്ടെങ്കിലും അഭിനയത്തിന്റെ ഭാഗമാണെന്ന് കരുതി അവര്‍ മുന്നോട്ട് വന്നില്ല. അവസാനം ക്രൂ കരയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഗാര്‍ഡ് വന്ന് ഇരുവരെയും രക്ഷിച്ചത്.

കടലില്‍ നല്ല ആഴമുള്ള ഭാഗത്താണ് വീണതെന്ന് നമിതയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. നീന്തലറിയാമെങ്കിലും കടലില്‍ നീന്തുക പ്രയാസകരമാണെന്ന് താരം പറഞ്ഞു. സ്‌കൂബാ ഡൈവിംഗ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്പോട്സിനായി ആളുകള്‍ പോകുമ്പോള്‍ കൂടെ സഹായത്തിന് ആള് കാണും. നമിതയ്ക്ക് ഇത്തരത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. അതിന് ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. നീന്തല്‍ അറിയാവുന്നത് കൊണ്ട് പരിശീലനം ആസ്വദിച്ചാണ് ചെയ്തതെന്ന് നമിത പറഞ്ഞു.

ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് നമുത എത്തുന്നത്. കഥാപാത്രത്തിനായി ഇരുകൈകളിലും പ്രത്യേക ഡിസൈനിലുള്ള ടാറ്റു പതിപ്പിച്ചിട്ടുണ്ട്. ഗോവ ടാറ്റുവിന്റെ കേന്ദ്രം കൂടിയാണ്. കുറേ നാളായി പുതിയൊരു ഗെറ്റപ്പില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അതിന് സാധിച്ചതെന്നും നമിത പറഞ്ഞു. സ്പോട്സ് പശ്ചാത്തലമായതിനാല്‍ മുടിയുടെ നീളം കുറച്ച് കൂടേ എന്ന് നമിത തന്നെ സംവിധായകനോട് ചോദിച്ചു. അദ്ദേഹത്തിനും അത് വലിയ സന്തോഷമായി. അങ്ങനെ എല്ലാം കൊണ്ടും പുതുയൊരു നമിതയായിരിക്കും റോള്‍ മോഡല്‍സില്‍ പ്രത്യക്ഷപ്പെടുക.