EXCLUSIVE: കുമ്പനാട് കണ്‍വെന്‍ഷനില്‍ തട്ടിപ്പുകാരന്‍ സാം കുഴിക്കാലയുടെ പാട്ട്; പ്രതിഷേധം ശക്തം

വിദേശമലയാളികളെ കബളിപ്പിച്ചതിന് സാം കുഴിക്കാലക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്

വിജിലന്‍സില്‍ പ്രോസിക്യൂട്ടറാക്കാമെന്ന് പറഞ്ഞ് അഭിഭാഷകയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തതിന് തിരുവനന്തപുരത്ത് കേസുണ്ട് 

-നിയാസ് കരീം-

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സാം കുഴിക്കാല പ്രസിദ്ധമായ കുമ്പനാട് ഐ.പി.സി കണ്‍വെന്‍ഷന് പാടാനൊരുങ്ങുന്നു. ഈ മാസം 15-നാണ് ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ ആഭിമുഖ്യത്തിലുള്ള കുമ്പനാട് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി പെന്തക്കോസ്ത് വിശ്വാസികളെ കബളിപ്പിച്ച സാമിന് ഇത്തരമൊരു കണ്‍വെന്‍ഷനില്‍ പാടാന്‍ ഇന്ത്യന്‍ പെന്തക്കോസ്ത് അധികാരികള്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.

കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍ തട്ടിപ്പിന്റെ പേരില്‍ നിറഞ്ഞു നിന്ന ഇയാളെ വീണ്ടും സുവിശേഷ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനു പിന്നില്‍ ഐ.പി.സിയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ക്ക് ലക്ഷങ്ങള്‍ ലഭിച്ചതായാണ് ആരോപണം. 2008-ല്‍ തട്ടിപ്പ് സ്വാമിമാരെയും വ്യാജ സുവിശേഷകരെയും പോലീസ് പിടിച്ച കൂട്ടത്തില്‍പ്പെട്ടയാളാണ് സാം കുഴിക്കാല എന്ന ജോണ്‍ ടി. ജോസഫ്.

ഒരേസമയം വ്യവസായിയും സുവിശേഷകനും ഗായകനും ഒക്കെയായി വേഷം കെട്ടുന്ന ഇയാള്‍ പല രാഷ്ട്രീയക്കാരുടെയും അടുപ്പക്കാരനാണെന്നാണ് പൊതുവേ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കളുമായി ഒപ്പം നിന്നെടുത്തിട്ടുള്ള പടം കാണിച്ചാണ് തട്ടിപ്പിനായി ഇരകളെ വളയ്ക്കുന്നത്. 2008-ല്‍ തിരുവനന്തപുരം പാച്ചലൂര്‍ സ്വദേശിയായ അഭിഭാഷകയ്ക്ക് വിജിലന്‍സില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമനം നല്‍കാമെന്ന് പറഞ്ഞ് 15 ല ക്ഷം രൂപ വാങ്ങിയതിന്റെ പേരില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.

കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വ്യക്തിയുടെ പേരു പറഞ്ഞായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. നിയമനം വാങ്ങിക്കൊടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വ്യാജ ചെക്ക് നല്‍കി മുങ്ങിയ സാം പിന്നെ പൊങ്ങിയത് ദുബായിലാണ്. ചെക്ക് മടങ്ങിയതിനെ തുടര്‍ന്നുണ്ടായ കേസില്‍ തിരുവനന്തപുരത്തെ ഇയാളുടെ വീടും വസ്തുവും കണ്ടുക്കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഒടുവില്‍ കുടപ്പനക്കുന്നിലെ ഇയാളുടെ വീടും വസ്തുവും വിറ്റാണ് കേസില്‍ നിന്ന് തടിയൂരിയത് എന്നാണ് അറിയുന്നത്.

ഇതിനു മുമ്പ് അമേരിക്കയിലെ നിരവധി മലയാളികളെ കോയമ്പത്തൂരിലെ സാന്‍പ്രോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ പറ്റിച്ച് മുങ്ങിയ ഇയാള്‍ വീണ്ടും വിദേശത്ത് നിന്നും വരുന്ന വിശ്വാസികളെ പറ്റിക്കാനാണ് ഇപ്പോള്‍ ഗായകവേഷം കെട്ടി കണ്‍വെന്‍ഷന് ഇറങ്ങുന്നത്. ഐ.പി.സിയുടെ ഭാരവാഹികളെ ഭീഷണിപ്പെടുത്തിയും ബ്ലാക് മെയില്‍ ചെയ്തുമാണ് ഇത്തവണ പാടാനുള്ള അനുമതി നേടിയതെന്നറിയുന്നു.

pastor001
കേരളത്തിലെ പ്രമുഖ മലയാളം വാരികയായ കേരളശബ്ദത്തില്‍ ര
ണ്ടുതവണ ഈ തട്ടിപ്പുകാരന്റെ പടം വെച്ച് വാര്‍ത്തകള്‍ വന്നതാണ്. എന്നിട്ടും പാഠം പഠിക്കാത്ത ഈ ഐ.പി.സി ചുമതലക്കാര്‍ക്കെതിരെ വിശ്വാസികള്‍ സംഘടിക്കാന്‍ ഒരുങ്ങുകയാണ്. സാന്‍പ്രോയുടെ ഓഹരികള്‍ നല്‍കാമെന്ന് പറഞ്ഞ് വിദേശമലയാളികളില്‍ നിന്ന് പണം തട്ടിയെടുത്തതിന്റെ പേരില്‍ കുഴിക്കാലക്കെതിരെ ഡി.ജി.പിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നതാണ്. ആ പരാതികളില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. പല കമ്പനികളുടെയും പേരില്‍ വ്യാജ വിസിറ്റിംഗ് കാര്‍ഡുകള്‍ അടിച്ചാണ് പല പ്രമുഖരെയും വലയില്‍ വീഴ്ത്തുന്നത്.

അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒട്ടനവധി മലയാളികള്‍ വിശിഷ്യാ പെന്തക്കോസ്ത് വിശ്വാസികള്‍ ജോണ്‍ ടി ജോസഫ് എന്ന സാം കുഴിക്കാലയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പ്രാദേശിക രാഷ്ട്രീയക്കാരന്റെ മുതല്‍ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരുകള്‍ വരെ ഉപയോഗിച്ചാണ് വന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്.

pastor002-thewifireporter

പെന്തക്കോസ്ത് വിശ്വാസികള്‍ പൊതുവേ പത്രമാധ്യമങ്ങളും വാര്‍ത്താ ചാനലുകളും കാണാത്തവരായതുകൊണ്ട് സാം കുഴിക്കാലയുടെ തട്ടിപ്പുകളെക്കുറിച്ച് വേണ്ടത്ര അറിവില്ല. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി കുഴിക്കാല സ്വദേശിയായ സാം അമേരിക്കയില്‍ നിന്ന് എം.ടെക് ബിരുദം നേടിയിട്ടുള്ള വ്യക്തിയായിട്ടാണ് സ്വയം പരിചയപ്പെടുത്തുന്നത് എങ്കിലും കേരളത്തില്‍ എവിടെയോ നിന്ന് സമ്പാദിച്ച ഒരു ഓട്ടോമൊബൈല്‍ ഡിപ്ലോമ ഉണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

സുവിശേഷ ഗായകന്‍ എന്ന നിലയില്‍ അമേരിക്കയിലും യു.എ.ഇയിലും ഒക്കെ പോയിട്ടുള്ള കുഴിക്കാല ആദ്യാത്മിക പരിവേഷം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
കൊടൈക്കനാല്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ ഉടമയും പെന്തക്കോസ്ത് വിശ്വാസിയുമായ സാം എബ്രഹാമിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തമിഴ്നാട്ടിലെ വ്യവസായിയും വിന്‍ ടി.വി മാനേജിംഗ് ഡയറക്ടറുമായ ദേവനാഥനില്‍ നിന്ന് 50 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഒടുവില്‍ സാം എബ്രഹാം കയ്യോടെ പിടികൂടിയപ്പോള്‍ പണം തിരികെ നല്‍കി.

ഇങ്ങനെ പരിചയത്തിലുള്ള നിരവധി പേരെ കബളിപ്പിച്ച പാരമ്പര്യമുള്ള വ്യക്തിയെയാണ് പ്രസിദ്ധമായ ഈ കുമ്പനാട് കണ്‍വെന്‍ഷനില്‍ ജനലക്ഷങ്ങള്‍ക്ക് മുമ്പാകെ പാടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ അടുത്തകാലത്ത് ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു മലയാളി യുവതിയ്ക്ക് ഓസ്ട്രേലിയന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപ വാങ്ങി പറ്റിച്ച സംഭവത്തെക്കുറിച്ച് ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളെ ഐ.പി.സി ഭാരവാഹികള്‍ ചേര്‍ന്ന് വിശുദ്ധനാക്കാന്‍ ശ്രമിക്കുന്നത്.

pastor003-thewifireporter

തിരുവനന്തപുരം വട്ടപ്പാറയിലെ ഹോളിക്രോസ് സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്‌കൂള്‍ ഉടമ പി.സി. വര്‍ഗ്ഗീസില്‍ നിന്ന് മൂന്നു ലക്ഷം രൂപ വാങ്ങിയതിന്റെ കേസ് തിരുവനന്തപുരം കോടതിയില്‍ നടക്കുകയാണ്. ഇങ്ങനെ അനവധി തട്ടിപ്പു കേസില്‍ പ്രതിയായ സാം കുഴിക്കാലയെ കണ്‍വെന്‍ഷനില്‍ പാടാന്‍ അനുവദിച്ചാല്‍ പെന്തക്കോസ്ത് സഭയിലെ യുവജനങ്ങള്‍ കണ്‍വെന്‍ഷന്‍ പന്തലില്‍ പരസ്യമായി പ്രതിഷേധിക്കുമെന്ന് ഭാരവാഹികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

എന്നാല്‍, സാം കുഴിക്കാല ജനറല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടയാളാണെന്നും. കുമ്പനാട് കണ്‍വെന്‍ഷനില്‍ കുഴിക്കാല പാടണം എന്ന് തീരുമാനിച്ചത് കൗണ്‍സില്‍ അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമായിരുന്നെന്നും ഐ.പി.സി പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് സാം കുഴിക്കാല വര്‍ഷങ്ങളായി പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകാര്‍ക്ക് പണം മുഴുവനും നല്‍കിയെന്നാണ് അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആക്ഷേപം ഉള്ളവര്‍ക്ക് കണ്‍വെന്‍ഷന്‍ വേദിയില്‍ പരസ്യമായി ചോദിക്കാമെന്നും ജേക്കബ് ജോണ്‍ പറഞ്ഞു.

ഇദ്ദേഹത്തെക്കുറിച്ച് വിവിധ പ്രസിദ്ധീകരണങ്ങളില്‍ തട്ടിപ്പുവാര്‍ത്തകള്‍ തങ്ങള്‍ വായിച്ചിട്ടുണ്ടെന്നും. കണ്‍വെന്‍ഷനില്‍ പാടാന്‍ അനുവാദം കിട്ടാനായി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പണംനല്‍കിയാണ് സാം കുഴിക്കാല അനുവാദം നേടിയതെന്ന ആരോപണം ജേക്കബ് ജോണ്‍ നിഷേധിച്ചു. അങ്ങനെ ഏതെങ്കിലും ഒരു കൗണ്‍സില്‍ മെംബര്‍ പണം വാങ്ങിയതായി തന്റെ അറിവില്‍ ഇല്ലായെന്നും ജേക്കബ് ജോണ്‍ കൂട്ടിച്ചേര്‍ത്തു.

related news; 

സുവിശേഷ സീസണ്‍ തുടങ്ങി; ഇനി ആത്മീയ ‘കൊയ്ത്തുകാലം’