രാത്രിയോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ല; ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രിയോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത വ്യക്തമാക്കി. 122-ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളായുള്ള ചരിത്രം മാറ്റിയെഴുതാന്‍ കഴിയില്ല. മാര്‍ത്തോമാ സഭയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. സഭയില്‍ പല സ്ഥാപനങ്ങളുണ്ട്. സുവിശേഷ പ്രസംഗ സംഘത്തിനെയാണ് കണ്‍വെന്‍ഷന്‍ നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്ക് കഴിയില്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കും. വേണ്ടിവന്നാല്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നേരിട്ട് ഏറ്റെടുത്തു നടത്തുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

രാത്രി യോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സുവിശേഷ പ്രസംഗ സംഘത്തില്‍ ഏതെങ്കിലും കമ്മിറ്റി അംഗങ്ങള്‍ പ്രമേയങ്ങള്‍ കൊണ്ടു വന്ന് കണ്‍വെന്‍ഷന്റെ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്‍വെന്‍ഷന്റെ നടത്തിപ്പിന് ബാധകമാകുകയും ഇല്ല.രാത്രിയില്‍ നടക്കുന്നത് മാത്രമാണ് സുവിശേഷമെന്ന് ധരിച്ചിരിക്കുന്ന ചില സ്ത്രീകളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

മാരാമണ്ണില്‍ പകല്‍ നടക്കുന്ന നാല് യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാം. ചില കുബുദ്ധികളാണ് സ്ത്രീ പ്രവേശനത്തിനായി വാദിക്കുന്നത്. മാരാമണ്ണിന്റെ സാംസ്‌കാരിക ധന്യതയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. രാത്രി യോഗങ്ങളില്‍ മാരാമണ്‍ കണ്‍വെന്‍ഷന് സ്ത്രീകളെ കയറ്റണമെന്ന ആവശ്യം ആരും അംഗീകരിക്കുന്നില്ല. പമ്പാനദിയിലെ മാരാമണ്‍ മണല്‍പ്പുറത്തിന് മാര്‍ത്തോമ്മാ സഭ കരം കൊടുക്കുന്നതാണ്. മാധ്യമങ്ങളിലൂടെ പബ്ലിസിറ്റിക്കായി ശ്രമിക്കുന്നവരാണ് പ്രമേയം കൊണ്ടു വന്ന് പ്രതിഷേധം സംഘടിപ്പിച്ചതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

related news:

മാരാമണ്‍ : സ്ത്രീ കൂട്ടായ്മ പൊലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ സഭയുടെ നീക്കം

മാരാമണ്‍ സ്ത്രീ പ്രവേശനം: കോഴഞ്ചേരിയില്‍ സ്ത്രീ കൂട്ടായ്മ

exclusive: മാരാമണ്‍ : സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഷിജു അലക്‌സിന് വധഭീഷണി

മാരാമണ്‍ കണ്‍വെന്‍ഷന്‍: ഇത്തവണയും രാത്രി യോഗങ്ങളില്‍ സ്ത്രീ പ്രവേശനമില്ല

ഭിന്നലിംഗക്കാരുടെ പൗരോഹിത്യം: മെത്രാപ്പോലീത്തയുടെ നിലപാട് വെറും തട്ടിപ്പെന്ന് വിശ്വാസികള്‍