ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ കടുത്ത വിവേചനം എന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിംകളും ക്രിസ്ത്യാനികളും കടുത്ത വിവേചനവും പീഡനവും അനുഭവിക്കുന്നതായി യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കീഴിലുള്ള കമ്മീഷനാണിത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭരണഘടനാപരവും നിയമപരവുമായ വെല്ലുവിളികള്‍ എന്ന 2016 ലെ റിപ്പോര്‍ട്ടിലാണ് വിവേചനത്തിന്റെ വിവരങ്ങള്‍ ഊന്നി പറയുന്നത്. ഫെബ്രുവരി എട്ടിനാണ് റിപ്പോര്‍ട്ട് യു.എസ്. കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവര്‍ക്ക് നീതി നടപ്പിലാക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണഘടന തുല്യത ഉറപ്പാക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവര്‍ക്ക് സാമൂഹ്യമായും സാമ്പത്തികമായും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായി വീഴ്ച്ചവന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ന്യൂനപക്ഷങ്ങളും ദളിതുകളും വിവേചനവും പീഡനവും വ്യാപകമായ തോതില്‍ അനുഭവിക്കുന്നുണ്ട്. ഇതിന് മുഖ്യ കാരണമായി പറയുന്നത്. കാലഹരണപ്പെട്ട നിയമങ്ങളും നിഷ്‌ക്രിയമായ നിയമസംവിധാനങ്ങളും ആണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജനസംഖ്യയില്‍ 80 ശതമാനത്തിലധികം വരുന്ന ഹിന്ദുക്കളില്‍ തുലോം അംഗബലം കൊണ്ട് കുറവായ മുസ്ലിംകളും ക്രിസ്ത്യാനികളും അനുഭവിക്കുന്ന പീഡനങ്ങളും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ജനസംഖ്യയില്‍ മുസ്ലിംകള്‍ 15 ശതമാനവും ക്രിസ്ത്യാനികള്‍ കേവലം 2.3 ശതമാനവുമാണ്.

2016 ല്‍ 500 ലധികം ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുകയും പത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മതം മാറ്റം എന്ന കുറ്റം ആരോപിച്ചാണ് ഇവരെ ആക്രമിച്ചത്. 2014 ന് ശേഷം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായുള്ള പീഡനങ്ങളും ആക്രമണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളോട് സര്‍ക്കാര്‍ കുറച്ചുകൂടി ക്രിയാത്മകമായി പെരുമാറുകയും ഇടപെടുകയും ചെയ്യണമെന്ന് വിവിധ ക്രിസ്ത്യന്‍ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഏഴ് സംസ്ഥാനങ്ങല്‍ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇത് കടുത്ത വിവേചനമായി കണക്കാക്കപ്പെടുന്നു.

ക്രിസ്ത്യന്‍ സഭകള്‍ നല്‍കുന്ന സന്നദ്ധസേവനങ്ങളും പാവങ്ങളെ സഹായിക്കുന്നതും ഒക്കെ മതപരിവര്‍ത്തനത്തിനുവേണ്ടിയാണെന്ന് മുദ്രയടിക്കുന്നു. വിദേശ സഹായങ്ങള്‍ ലഭിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരോധിക്കുകയും അവയുടെ സാമ്പത്തിക സഹായങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്യുന്നത് ന്യൂനപക്ഷങ്ങളോടുള്ള വിവേചനമായി കണക്കാക്കപ്പെടുന്നു. 2015 ല്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുദ്രയടിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നേരിട്ട് നടത്തുന്ന സന്നദ്ധ സംഘടനയാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാഹമോചന നിയമം ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ വിവാഹ ക്രമങ്ങളെയും ആചാരങ്ങളെയും നേരിട്ടുള്ള കൈകടത്തലിന് ഇടയാക്കുന്നതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പശുസംരക്ഷണ നിയമങ്ങള്‍ മുസ്ലിംകളെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിന് ഇടയാക്കുന്നുണ്ട്.

പശുവിനെ കൊല്ലുന്നുവെന്ന പേരില്‍ കലാപങ്ങളത്രയും മുസ്ലിംകളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനും അവരെ ദേശവിരുദ്ധരാക്കുന്നതിനും വലിയ തോതില്‍ ഉപയോഗക്കപ്പെടുന്നുണ്ട്. മതപരിവര്‍ത്തന നിയമങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കരുതെന്നും അവരെ പീഡിപ്പിക്കരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. മതപരമായ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നിയമസംവിധാനങ്ങളും ഉപയോഗക്കപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് സര്‍ക്കാരിനെ ന്യൂനപക്ഷപീഡനങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറപ്പെടുവിക്കുന്നത്. എല്ലാവര്‍ക്കും തുല്യത ഭരണഘടന ഉറപ്പാക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് ദയനീയമായി പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന ബഹുസ്വരത സംസ്ഥാന ഗവണ്‍മെന്റുകള്‍ പലപ്പോഴും പരാജയപ്പെടുകയാണ്. അപരിഷ്‌കൃതമായ നിയമസംവിധാനങ്ങള്‍ പരിഷ്‌കരിച്ചാല്‍ മാത്രമേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാതൃകാപരമായ രീതിയില്‍ തുല്യത ഉറപ്പാക്കാന്‍ ആകൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.