ന്യൂഡല്‍ഹി : നോട്ട് പിന്‍വലിക്കല്‍ വാഹന വില്‍പ്പനയില്‍ കനത്ത തിരിച്ചടി സൃഷ്ടിച്ചതായി കണക്കുകള്‍. നോട്ടു റദ്ദാക്കലിനു ശേഷം ഡിസംബര്‍ മാസത്തില്‍ വാഹന വില്പന 18.66 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍സ് മാനുഫാക്‌ചേഴ്‌സ് (എസ്.ഐ.എ.എം) ആണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
സ്‌കൂട്ടര്‍, കാര്‍്, ബൈക്ക് എന്നിവയുടെ വില്‍പ്പനയാണ് കുറഞ്ഞത്. അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 1.15 ശതമാനം വര്‍ദ്ധിച്ചു.
കഴിഞ്ഞ 16 വര്‍ഷത്തെ വാഹന വില്‍പ്പനയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചത്. 2015 ഡിസംബറിനെ അപേക്ഷിച്ച് കാര്‍ വില്‍പ്പനയില്‍ 8.14 ശതമാനവും, പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.36 ശതമാനവും ബൈക്കുകളുടെ വില്‍പ്പനയില്‍ 22.5 ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം സ്‌കൂട്ടര്‍ വില്‍പ്പനയില്‍ മാത്രം ഡിസംബറില്‍ 26 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 15,02,314 യൂണിറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ 2016 ഡിസംബറില്‍ 12,21,929 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചതെന്ന് എസ്.ഐ.എ.എം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാതൂര്‍ പറഞ്ഞു.
2000 ഡിസംബറില്‍ വാഹനവില്‍പ്പന 21.81 ശതമാനം കുറഞ്ഞിരുന്നുവെന്നും മാതൂര്‍ കൂട്ടിച്ചേര്‍ത്തു.



































