കര്‍ഷക മരണത്തിലെ ട്വീറ്റ്; മനേകയേയും വരുണിനെയും പുറത്തിരുത്തി ബിജെപി !

ന്യൂഡല്‍ഹി: ലഖിംപൂരിലെ കര്‍ഷകരുടെ മരണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ ബിജെപി എംപി വരുണ്‍ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയേയും 80 അംഗ ദേശീയ എക്സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കി ബിജെപി.

കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ലെന്ന് പറഞ്ഞ വരുണ്‍ ലഖിംപുരില്‍ കര്‍ഷകസംഘത്തിനു മേല്‍ വാഹനമിടിച്ചു കയറുന്ന ദൃശ്യങ്ങള്‍ വീണ്ടും ട്വിറ്ററില്‍ പങ്കിട്ടിരുന്നു. രണ്ടു ദിവസം മുന്‍പ് ട്വീറ്റ് ചെയ്ത വിഡിയോയുടെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് ഇന്ന് വരുണ്‍ വീണ്ടും ട്വീറ്റ് ചെയ്തത്.

ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.