പ്ലസ് വണ്‍ പ്രവേശം; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കും സീറ്റില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍. പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് സീറ്റില്ല. ഇനി 683 മെരിറ്റ് സീറ്റാണ് ബാക്കി ഉള്ളത്. വിദ്യാഭ്യാസ മന്ത്രി ഒരേ മറുപടി തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മറുപടി നല്‍കി. പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് മന്ത്രി പ്രതികരിച്ചു. പ്ലസ് വണ്‍ പ്രവേശനത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക് ഇഷ്ട വിഷയങ്ങളില്‍ സീറ്റ് ഉറപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇക്കാരണത്താല്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറിയെന്നും, കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്‌കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രികഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.